meeras
മീരാകൃഷ്ണൻ

മൂവാറ്റുപുഴ: യു.ഡി.എഫ് ഭരിക്കുന്ന മൂവാറ്റുപുഴയിൽ ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഒന്നാം വാർഡിൽ നിന്ന് സി.പി.ഐ അംഗമായി വിജയിച്ച മീരാ കൃഷ്ണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചംഗ ഭരണ സമിതിയിൽ ചെയർപേഴ്സണായിരുന്ന പ്രമീള ഗിരീഷ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളും യു.ഡി.എഫിന് ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര അംഗവുമാണുള്ളത്. യു.ഡി.എഫിനൊപ്പമായിരുന്ന പ്രമീള കോൺഗ്രസിലെ ചേരിപ്പോരിനിടെ രാജിവച്ചു. തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ പ്രമീള ചെയർപേഴ്സണാകുകയും കൂറുമാറ്റ പരാതിയെ തുടർന്ന് അയോഗ്യയാക്കപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ട്. പ്രമീളയ്ക്കെതിരെ മത്സരിച്ച ബിന്ദു ജയൻ യു.ഡി.എഫിലെ ഭിന്നതയെ തുടർന്നാണ് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ബി.ജെ.പി സ്വതന്ത്ര അംഗം രാജശ്രീ രാജുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബിന്ദു ജയന്റെ വിട്ടുനില്ക്കൽ എന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങളായ മീര കൃഷ്ണനും നജില ഷാജിയും പങ്കെടുത്തു. സ്വതന്ത്ര അംഗം രാജശ്രീ രാജു പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല. തുടർന്ന് മീര കൃഷ്ണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ .എം. രമാദേവി വരണാധികാരിയായിരുന്നു.