മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പ്രദേശങ്ങളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റും മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കിലെ സർജനുമായ ഡോ. പി. കൃഷ്ണദാസിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്ന മൃഗസംരക്ഷണ സംഘടന ഭാരവാഹികളുടെ നടപടിക്കെതിരെ കേരള ഗസ്റ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെയും നഗരസഭയുടെയും നിർദ്ദേശാനുസരണം നഗരസഭാ പ്രദേശങ്ങളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. പി. കൃഷ്ണദാസിനെതിരെ മൃഗക്ഷേമ സംഘടനയുടെ സെക്രട്ടറി നടത്തിയ അപമാനകരമായ പ്രസ്താവനയിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ സംഘടന നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക കർത്തവ്യ നിർവഹണം തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന അപകടകരവും അപലപനീയവുമാണെന്നും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടാകണമെന്നും ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.