centuary

കൊച്ചി: സെഞ്ചുറി ഫാമിലി ക്ലബിന്റെ 36-ം വാർഷികാഘോഷവും വികസന പദ്ധതികളുടെ ഉദ്ഘാടനവും 18ന് നടക്കും. ഈ വർഷം ഒരു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഭരണസമിതി വിഭാവനം ചെയ്തിരിക്കുന്നത്. 60 ലക്ഷത്തിന്റെ നവീകരണം പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൽ 21 ലക്ഷത്തിന്റെ ലോഞ്ച് റെസ്റ്റോറന്റും ഉൾപ്പെടും. കമ്മ്യൂണിറ്റി ഹാളിന്റെയും ക്ലബിലെ ലിഫ്റ്റുകളുടെയും നിർമ്മാണം ഉടൻ തുടങ്ങും. 29 അംഗങ്ങളുമായി 1988ൽ പാലാരിവട്ടത്തെ വാടകക്കെട്ടിടത്തിൽ തുടക്കംകുറിച്ച സെഞ്ചുറി ക്ലബിൽ ഇന്ന് 1450 ലധികം അംഗങ്ങളുണ്ട്. രണ്ട് റെസ്റ്റോറന്റുകൾ, ബാർ, ഷട്ടിൽ കോർട്ട്, സ്വിമ്മിംഗ് പൂൾ, കോൺഫറൻസ് ഹാളുകൾ, കാർ പാർക്ക്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളോടെ വെണ്ണലയിൽ 1.60 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ക്ലബ് നിലകൊള്ളുന്നത്. നവീകരിച്ച റെസ്റ്റോറന്റിന്റെ ഉദ്ഘാടനം 18 ന് വൈകിട്ട് ആറിന് നടക്കും. തുടർന്ന് നടക്കുന്ന ക്ലബ് ഡേ ആഘോഷത്തിൽ ഹൈബി ഈഡൻ എം.പി, കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, മുൻ മേയർ സി.എം ദിനേശ് മണി, പിഎസ് സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ക്ലബ് പ്രസിഡന്റ് എം.വി. തോമസ്, സെക്രട്ടറി കെ.ആർ. സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.