പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ കരിപ്പായിക്കടവ് - പഴമ്പിള്ളിത്തുരുത്ത് പാലത്തിൽ ഗതാഗതതടസവും അപകടങ്ങളും യാത്രക്കാർക്ക് ദുരിതമാകുന്നു. വീതികുറഞ്ഞ പാലത്തിൽ രണ്ട് വലിയ വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ സാധിക്കില്ല. ഇതിനാൽ തിരക്കേറിയ സമയത്ത് വാഹനങ്ങൾ പാലം മറികടക്കാൻ ഏറെനേരം കാത്തുനിൽക്കണം. ഇരുഭാഗത്ത് നിന്നും ഓരേസമയം പാലംകയറുന്ന വാഹനങ്ങൾ മദ്ധ്യഭാഗത്ത് എത്തുമ്പോൾ തർക്കവും പതിവാണ്. 4.25 മീറ്ററാണ് പാലത്തിന്റെ വീതി. കാൽനടക്കാർക്ക് പോകാൻ പ്രത്യേക പാതയില്ല. 2004ലാണ് പാലം ഉദ്ഘാടനം ചെയ്തത്. അന്ന് പഴമ്പിള്ളിത്തുരുത്തിലേയ്ക്ക് മാത്രമായിരുന്നു പാലത്തിലൂടെയുള്ള ഗതാഗതം. സ്റ്റേഷൻകടവ് പാലം തുറന്നതോടെ തൃശൂർ ജില്ലയിലെ മാള, ചാലക്കുടി, കൊടുങ്ങല്ലൂർ മേഖലയിലുള്ളവർക്ക് എറണാകുളത്തേയ്ക്കുള്ള എളുപ്പവഴിയായി ഈ പാലം മാറി. കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണ് പഴമ്പിള്ളിത്തുരുത്ത് പാലത്തിൽ ഗതാഗത തടസമുണ്ടായത്. പുതിയൊരു പാലം നിർമ്മിക്കാനുള്ള സർവെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീതികുറഞ്ഞ വഴിയിൽ അനധികൃത പാർക്കിംഗും ഗതാഗതത്തിന് തടസമാകുന്നുണ്ട്. വാഹനങ്ങൾ അപ്രോച്ച് റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ അപകടവും പതിവാണ്. കഴിഞ്ഞ ദിവസം വാഹനം അപ്രോച്ച് റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞു. മരത്തിൽ തടഞ്ഞുനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പൊതുജനങ്ങളുടെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചചെയ്തു. അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊലീസിനും പൊതുമരാമത്ത് വിഭാഗത്തും കത്ത് നൽകിയിട്ടുണ്ട്.
--------------------------------------------------------------------
പാലത്തിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം, വീതികുറഞ്ഞ റോഡുകളുടെ ഭാഗത്ത് അനധികൃത പാർക്കിംഗ് ഒഴിവാക്കണം. തിരക്കേറിയ സമയങ്ങളിൽ പൊലീസിന്റെ സേവനം ഉണ്ടാകണം.
കെ.ആർ. പ്രേംജി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്.