കാലടി: പുതിയ ബിരുദ പാഠ്യ പദ്ധതി ലോകോത്തര നിലവാരമുള്ളതെന്നു മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ. ശ്രീ ശങ്കരാ കോളേജ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി നടത്തിയ പുതിയ ബിരുദ പാഠ്യ പദ്ധതി അവബോധന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകൾ നൽകുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും അഭിരുചിക്കു അനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുക്കാനും പുതിയ പാഠ്യ പദ്ധതിയിൽ അവസരമുണ്ട്. പല വിദേശ യൂണിവേഴ്സിറ്റികളിലേക്കും കുട്ടികളെ അയക്കുമ്പോൾ യൂണിവേഴ്സിറ്റിയുടെ ഗുണനിലവാരം എന്താണ് എന്ന് അറിയാൻ സാധിക്കാതെ വരുകയും പലപ്പോഴും കുട്ടിയുടെ ഭാവി അവതാളത്തിലാകുന്ന സ്ഥിതിയുണ്ട്. പുതിയ കാലത്തു നമ്മുടെ മാതാപിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന വലിയ ഭീഷണിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അദ്ധ്യക്ഷയായ പരിപാടിയിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്പ്മെന്റ് കൗൺസിൽ ഡയറക്ടർ ഡോ. ബിജു പി, ഡോ. എ.എസ്. സുമേഷ് , ലിജിൻ പി. മാത്യൂ എന്നിവർ ക്ലാസേടുത്തു. ഗൗരി അന്തർജനം, ഡോ. മഞ്ജുള കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.