കൊച്ചി: സംസ്ഥാന സർക്കാരിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും സമ്പൂർണ ശുചിത്വ- മാലിന്യ സംസ്‌കരണ പ്രോജക്ടും എല്ലാ നഗരങ്ങളിലും ജനപങ്കാളിത്തത്തോടെ നടപ്പാക്കും. കൊച്ചിയിൽ ചേർന്ന മേയേഴ്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കൗൺസിൽ പ്രസിഡന്റായ കൊച്ചി മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എല്ലാ നഗരസഭകളുടെയും 2023-24 വർഷത്തെ പദ്ധതിയുടെ തുക, മാർച്ച് മാസം അവസാനം സമർപ്പിച്ച ബില്ലുകൾ എന്നിവ ട്രഷറിയുടെ ക്യൂ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഇവ അനുവദിക്കുന്നതിന് ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തും. മേയേഴ്‌സ് കൗൺസിൽ, മുനിസിപ്പൽ ചെയർമാന്മാരുടെ ചേംബർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളെ തദ്ദേശ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

യോഗത്തിൽ മേയേഴ്‌സ് കൗൺസിൽ സെക്രട്ടറി പ്രസന്ന ഏണസ്റ്റ്, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, തൃശൂർ മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

നിർദ്ദേശങ്ങൾ സമർപ്പിക്കും

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തി നിർദ്ദേശങ്ങൾ സർക്കാരിനും അർബൻ കമ്മിഷനും സമർപ്പിക്കും. പ്ലാൻഫണ്ട് മാനദണ്ഡങ്ങളിലും വിനിയോഗത്തിലും കൂടുതൽ കാര്യക്ഷമതയ്ക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് തദ്ദേശ വകുപ്പ് മന്ത്രിയ്ക്കും പ്ലാനിംഗ് ബോർഡിനും സമർപ്പിക്കും.

ആവശ്യങ്ങൾ ഇവ

നഗരസഭകളിൽ അടിയന്തരമായി പ്രൊഫഷണലിസം കൊണ്ടുവരണം

 ഫിനാൻസ് ഓഫീസർ, ടൗൺപ്ലാനർ, ലീഗൽ അഡ്വൈസർ, എൻവയോൺമെന്റൽ എൻജിനിയർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയർമാർ തസ്തികകളിൽ സർക്കാരിന് അധികബാദ്ധ്യതയില്ലാതെ നിയമനം നടത്തണം.