പെരുമ്പാവൂർ : പെരുമ്പാവൂർ കൂവപ്പടി റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കുവാൻ ധാരണയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. വിവിധ വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാൽ മാത്രമേ നിർമ്മാണം പുനരാരംഭിക്കുകയുള്ളൂ എന്ന കരാറുകാരന്റെ നിലപാടും കാരണം റോഡ് നിർമ്മാണം കഴിഞ്ഞ 3 മാസമായി നിലച്ചിരിക്കുകയായിരുന്നു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ കഴിഞ്ഞ ആഴ്ച്ച പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പുതുക്കി ഇന്നലെ ഉത്തരവിറങ്ങി.
വാച്ചാല്‍ പാടം പ്രദേശത്ത് എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പ്രദേശവാസികളും ഒത്തുചേർന്ന് നടത്തിയ യോഗത്തിൽ റോഡുമായി ബന്ധപ്പെട്ട ഉയർന്നു വന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റോഡ് പുറമ്പോക്കിലുള്ള എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും എത്രയും വേഗം പൊതുജനങ്ങൾ സ്വമേധയാ പൊളിച്ചു നീക്കി മാതൃക കാണിക്കണം
എൽദോസ് കുന്നപ്പിള്ളി
എംഎൽഎ