jeep
അപകടത്തിൽപ്പെട്ട ജീപ്പ്

കോലഞ്ചേരി: മാമല ശാസ്താംമുകൾ ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന കാനയിലേയ്ക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അദ്ധ്യാപിക മരിച്ചു. മാമല തുരുത്തിയിൽ ബീനയാണ് (67) മരിച്ചത്. പെരുമ്പാവൂർ വേങ്ങൂരിലുള്ള ബന്ധുവിന്റെ മരണവീട്ടിൽ പോയി തിരിച്ചുവരുംവഴി ഇന്നലെ പുലർച്ചെ ഒരു മണിയോടെ വീടിനടുത്ത് വച്ചാണ് അപക‌ടം. ജീപ്പിന് പിന്നിലിരുന്നവർ വീഴ്ചയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിലേയ്ക്ക് മറിഞ്ഞ് വീണ് പരിക്കേറ്റു, ബീനയുടെ തലയ്ക്കും വാരിയെല്ലിനും ക്ഷതമേറ്റു.

പള്ളുരുത്തി എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്കൂളിലെ

റിട്ട. അദ്ധ്യാപികയാണ്.

അപകടത്തിൽ പരിക്കേറ്റ സാജുവാണ് ബീനയുടെ ഭർത്താവ്, ഒപ്പമുണ്ടായിരുന്ന ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ മക്കൾ: ശില്പ, ഡോ. ആഷിക്. മരുമകൻ: ജോൺ തോമസ് (മാനേജർ എസ്.ബി.ഐ കാഞ്ഞിരമറ്റം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കടുങ്ങമംഗലം

സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കാബായപള്ളി സെമിത്തേരിയിൽ.

തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിൽ പ്രധാനവേഷം ചെയ്ത മാത്യുവിന്റെ മാതാപിതാക്കളാണ് പരിക്കേറ്റ ബിജുവും സൂസനും. ബിജുവിന്റെ പിതൃസഹോദര പുത്രനാണ് മരണമടഞ്ഞ ബീനയുടെ ഭർത്താവ് സാജു. മാത്യുവിന്റെ സഹോദരനാണ് ജീപ്പ് ഓടിച്ചിരുന്നത്.