chira
മണ്ണൂർ ചിറയിൽ കുടിവെള്ളം പമ്പ് ചെയ്യാനുണ്ടാക്കിയ സംഭരണി പായൽ നിറഞ്ഞ നിലയിൽ

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയമാണ് മ ണ്ണൂ‌‌ർ ചിറയിലെ വെള്ളം. എന്നാൽ കുടിവെള്ളമായും മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ചിറയിലെ വെള്ളം വർഷങ്ങളായി വൃത്തിയാക്കാത്തതും സമീപത്തെ ശൗചാലയങ്ങളിൽ നിന്ന് പോലും മാലിന്യം കലരാൻ സാദ്ധ്യതയുള്ളതുമാണ് എന്നതാണ് യാഥാ‌ർത്ഥ്യം. പഞ്ചായത്തോ വാട്ടർ അതോറി​റ്റിയോ ഈ ദുരവസ്ഥ ശ്രദ്ധിക്കുന്നില്ലെന്നും ഈ കുടിവെള്ള സ്രോതസ് വൃത്തിയാക്കി സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ചിറയോട് തൊട്ടു ചേർന്നുള്ള വെളിച്ചെണ്ണ കമ്പനിയിലെ മാലിന്യം പുറന്തള്ളുന്നതും അവിടുത്തെ തൊഴിലാളികളുടെ ശൗചാലയം സ്ഥിതിചെയ്യുന്നതും ഇതിനോട് ചേർന്നുമാണ്. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ചിറ സംരക്ഷിക്കാൻ അധികൃതർ മുന്നോട്ട് വരാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സമീപ വാസികൾ പരാതിപ്പെടുന്നു.

അതിനിടെ ചിറയിൽ നിന്നും കുടിവെള്ള വിതരണത്തിന് തയ്യാറാക്കിയ സംഭരണി പായൽ നിറഞ്ഞതോടെ ജല വിതരണം മുടങ്ങുമെന്ന ആശങ്കയുമുണ്ട്. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കുന്നപ്പിള്ളി മുകളിലുള്ള വാട്ടർ ടാങ്കിൽ എത്തിച്ച ശേഷമാണ് എട്ട് വാർഡിലേക്കും വിതരണം ചെയ്യുന്നത്. എല്ലാ വർഷവും വാട്ടർ ടാങ്കും മണ്ണൂർ ചിറയിൽ നിന്നും ജലം എടുക്കുന്ന സംഭരണിയും ക്ലീൻ ചെയ്യേണ്ടതാണെന്നും എന്നാൽ നാളുകളായി യാതൊരു ശുചീകരണ പ്രവർത്തിയും നടന്നിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

മണ്ണൂർ ജല സംഭരണി ശുചീകരിക്കാതെ ജല വിതരണം നടത്തുന്നത് ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്ന രീതി അനുവദിക്കില്ല. ചിറ ശുചീകരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

ഷാഹിർ മുഹമ്മദ്

പ്രസിഡന്റ് യൂത്ത് കോൺഗ്രസ് ഐരാപുരം