ആലുവ: ഒരു മണിക്കൂർ മാത്രം മഴ പെയ്തപ്പോഴേക്കും ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുന്നത്തേരി ഹെൽത്ത് സെന്ററും പരിസരവും വെള്ളക്കെട്ടിലായി. കുന്നത്തേരി അമ്പാട്ടുകാവ് റോഡും ഹെൽത്ത് സെന്ററിന്റെ പ്രവേശനകവാടവുമെല്ലാം മുട്ടോളം വെള്ളത്തിലാണ്. ഇന്നലെ വൈകിട്ട് പെയ്ത ഒറ്റമഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിന് ഇരുവശവും പൊതുകാനയുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവശുചീകരണം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിനാൽ ഉയർന്ന പ്രദേശമായ കുന്നത്തേരിയിലെ 11,12 വാർഡുകളിൽ നിന്നുള്ള വെള്ളമെല്ലാം കാനയിലൂടെ ഒഴുകി നിറഞ്ഞ് കവിയുന്നതാണ് റോഡിലെ വെള്ളക്കെട്ടിന് മുഖ്യകാരണം. കൊച്ചി മെട്രോയുടെ നിർമ്മാണഘട്ടത്തിൽ അധികൃതർ പഞ്ചായത്തിന് നൽകിയ ഉറപ്പും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

മഴ പെയ്താൽ രോഗികൾക്ക് പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധമാണ് പ്രവേശനകവാടത്തിലെ വെള്ളക്കെട്ട്.

അടിയന്തര നടപടി വേണം

റോഡിലെയും പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. നടപടിയില്ലെങ്കിൽ പഞ്ചായത്തിനെതിരെ നാട്ടുകാരെ അണിനിരത്തി സമരം ആരംഭിക്കും.

സനീഷ് കളപുരക്കൽ

ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി അംഗം

മെട്രോ യാർഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയത് ചവർപാടം, കട്ടേപ്പാടം എന്നിവിടങ്ങളിലെ പൊതുകാനകൾ ഇതേ തുടർന്ന് പാടശേഖരത്തിലൂടെ വെള്ളം ഒഴുകി പോകുന്നില്ല റോഡിലെ പൊതുകാനയും നിറഞ്ഞുകവിയുന്നു പലവട്ടം മെട്രോ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല