y
അജിത്ത്

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞ കേസിൽ മകൻ അറസ്റ്റിലായി. എരൂർ വടക്കേവൈമീതിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വൈറ്റില പൊന്നുരുന്നി കൂട്ടക്കല്ലിൽവീട്ടിൽ അജിത്ത് കെ. ഷൺമുഖനെയാണ് (38) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ മുതിർന്ന പൗരന്മാരുടെ സംരക്ഷണനിയമ പ്രകാരം കേസെടുത്തു.

പൊലീസ് പറയുന്നത്: കഴിഞ്ഞ 10ന് വൈകിട്ട് പിതാവ് ഷൺമുഖനെ വാടകവീട്ടിൽ ഉപേക്ഷിച്ച് അജിത്തും കുടുംബവും വീട്ടുസാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ഒരു പകൽ മുഴുവൻ പരസഹായമില്ലാതെ കിടന്ന ഷൺമുഖന് പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഭക്ഷണവും മറ്റും സഹായങ്ങളും എത്തിക്കുകയായിരുന്നു. 11ന് രാവിലെ പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഷൺമുഖനെ താലൂക്കാശുപത്രിയിൽ എത്തിച്ചു. പിന്നീട് പെൺമക്കളും ഷൺമുഖന്റെ സഹോദരനുമെത്തി കോതമംഗലത്തെ സഹോദരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.

സംഭവദിവസം കർണാടകയിലായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറായ പ്രതി അജിത്ത് ഇന്നലെയാണ് നാട്ടിലെത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ ആനന്ദ് ബാബു, എസ്.ഐമാരായ വി.ആർ. രേഷ്മ, ടോൾസൻ ജോസഫ് എസ്.സി.പി.ഒ ദിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.