തോപ്പുംപടി: മൂലങ്കുഴിയിൽ അക്രമി കടയിൽക്കയറി ജീവനക്കാരനെ കുത്തിക്കൊന്നു. മൂലങ്കുഴി സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം.
സൗദി സെന്റ് ആന്റണീസ് എൽ.പി സ്കൂളിന് സമീപം ഒ.എ.ആർ.എസ്.എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബിനോയിയെ കടയിൽ എത്തിയ പ്രതി കത്തിക്ക് കുത്തി. വഴിയാത്രക്കാരാണ് വിവരം സമീപവാസികളെ അറിയിച്ചത്. തുടർന്ന് കരുവേലിപ്പടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂലങ്കുഴി സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന. ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മെൽവിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.