ചോറ്റാനിക്കര: കുടിവെള്ളം പങ്കിടുന്നതു സംബന്ധിച്ച് ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരമറ്റം വാട്ടർ ടാങ്കിൽ നിന്ന് ആമ്പല്ലൂർ പഞ്ചായത്തിലേക്കുള്ള പൈപ്പിൽ ഫ്ളോ മീറ്റർ ഘടിപ്പിക്കാനുള്ള ജലഅതോറിട്ടിയുടെ ശ്രമം പരാജയപ്പെട്ടു. പൊലീസ് സംരക്ഷണയിൽ ഇന്നലെ ഉദ്യോഗസ്ഥർ മീറ്റർ സ്ഥാപിക്കാൻ നടത്തിയ നീക്കം ആമ്പല്ലൂർ പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞു.
ആമ്പല്ലൂർ പഞ്ചായത്തിൽ മൂന്നു മാസത്തിലേറെയായി വെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നും ഇതിന് പരിഹാരം കണ്ട ശേഷം മീറ്റർ സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. മുൻചർച്ചകൾക്ക് ശേഷം കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമായാണ് മീറ്ററുകൾ സ്ഥാപിക്കുന്നതെന്നും ഇവർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മേയ് 18ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ റസ്റ്റ് ഹൗസിൽ പിറവം, തൃപ്പൂണിത്തുറ എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും ശേഷം ഫ്ളോമീറ്റർ ഘടിപ്പിക്കുന്ന കാര്യവും പമ്പിംഗ് ദിവസങ്ങളും നിശ്ചയിക്കാനും ധാരണയായി. ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, മദ്ധ്യമേഖലാ ചീഫ് എൻജിനിയർ, മൂവാറ്റുപുഴ പി.എച്ച്. സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ പങ്കെടുക്കും. ഇന്നലെ നടന്ന ചർച്ചയിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ബീന മുകുന്ദൻ, ബഷീർ മഅ്ദനി, ചീഫ് എൻജിനീയർ, മുളന്തുരുത്തി പൊലീസ് ഇൻസ്പെക്ടർ മനേഷ് പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രശ്നം
ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്തുകൾക്ക് വേണ്ടി 2003ൽ സ്ഥാപിച്ചതാണ് ആമ്പല്ലൂർ പഞ്ചായത്തിലുള്ള വാട്ടർ ടാങ്ക്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോ പഞ്ചായത്തിലേക്കും പമ്പിംഗ്. അളവറിയാൻ ഉദയംപേരൂരിലേക്കുള്ള പൈപ്പിൽ മാത്രമേ മീറ്ററുള്ളൂ. വെള്ളം കടത്താനാണ് ആമ്പല്ലൂർ പൈപ്പിൽ മീറ്റർ വയ്ക്കാത്തതെന്നാണ് ആരോപണം. നാല് വട്ടം ചർച്ചകൾ നടത്തി തീരുമാനമെടുത്തിട്ടും മീറ്റർ വയ്‌ക്കാൻ അനുവദിക്കുന്നില്ല. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂർ പ്രതിപക്ഷാംഗങ്ങൾ മേയ് ആറ് മുതൽ എറണാകുളം മദ്ധ്യമേഖലാ ചീഫ് എൻജിനിയറുടെ ഓഫീസിനുമുന്നിൽ രാപ്പകൽ സമരത്തിലാണ്. ഇതേ തുടർന്ന് പൊലീസ് സഹായത്തോടെ മീറ്റർ ഘടിപ്പിക്കാൻ ചീഫ് എൻജിനിയർ ഉത്തരവാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ എസ്.പി. പൊലീസ് സംരക്ഷണം നൽകിയത്.
18ന് ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ തൃപ്പുണിത്തുറ റസ്റ്റ് ഹൗസിൽ വച്ച് രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മീറ്റിംഗിൽ സമവായമുണ്ടായില്ലെങ്കിൽ തുടർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കും സജിത മുരളി
രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ വലയുന്ന ഉദയംപേരൂരിലെ ജനങ്ങളോട് ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതി അനീതി കാണിക്കുകയാണ്.
എം.പി.ഷൈമോൻ, പ്രതിപക്ഷ നേതാവ്, ഉദയംപേരൂർ പഞ്ചായത്ത്
ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്ത് ഭരണ സമിതികളുടെ ഒത്തുകളിയാണ് കുടിവെള്ളപ്രശ്നം പരിഹരിക്കാനുള്ള തടസം. അർഹതപ്പെട്ട ജലം ലഭിച്ചാൽ ഉദയംപേരൂരിലെ ജലക്ഷാമം തീരും.
എം.കെ.അനിൽകുമാർ, സ്വതന്ത്ര അംഗം, ഉദയംപേരൂർ പഞ്ചായത്ത്