jeep
മാമലയിൽ ജീപ്പ് കാനയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു

കോലഞ്ചേരി: അശാസ്ത്രീയ വികസനം കൊച്ചി - ധനുഷ്കോടി ദേശീയപാതയെ മരണക്കെണിയാക്കുന്നുവെന്ന പരാതി ശക്തമാകുന്നു. ദിനംപ്രതി അപകടങ്ങൾ വർദ്ധിക്കുമ്പോൾ ദേശീയ പാത അധികൃതർ നിസംഗത തുടരുകയാണ്. ദേശീയ പാതയ്ക്കരുകിൽ നിർമ്മിക്കുന്ന കാനയാണ് പ്രധാന വില്ലനാകുന്നത്. ഏറ്റവുമൊടുവിൽ മാമല ശാസ്താംമുകളിൽ നടന്ന അപകടത്തിൽ റിട്ട. അദ്ധ്യാപിക മാമല തുരുത്തിയിൽ ബീനയുടെ (67) ജീവനാണ് നഷ്ടമായത്. രണ്ടാഴ്ച മുമ്പ് മറ്റക്കുഴിയിൽ കാർ കാനയിലേയ്ക്ക് മറിഞ്ഞു. കോലഞ്ചേരിയിലും കടമറ്റത്തും സമാനമായ അപകടമുണ്ടായി. ശാസ്താംമുകളിൽ സ്കൂട്ടർ കാനയിലേയ്ക്ക് വീണ് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ചൂണ്ടി, പുതുപ്പനം, വാളകം, പെരുവുമൂഴി ഭാഗങ്ങളിലും ഇരുചക്ര വാഹനങ്ങൾ കാനയിൽ വീണ് അപക‌ടങ്ങളുണ്ടായി. മഴക്കാലം വരുന്നതോടെ റോഡിൽ നേർക്കാഴ്ച കുറയുന്നതോടെ അപക‌ടങ്ങളുടെ തോത് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

കാന നിർമ്മാണത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും സമീപവാസികൾക്കുമുള്ള ബുദ്ധിമുട്ടുകളും ചില്ലറയല്ല. ഇവരുടെ വഴി മുറിച്ചാണ് പലയിടത്തും കാന നി‌‌ർമ്മാണം. നടപ്പു വഴി പോലും ലഭിക്കാതെ ദിവസങ്ങളോളം വീടൊഴിഞ്ഞും സ്ഥാപനം തുറക്കാതെയും ഇരിക്കുകയാണ് പലരും. മുൻകൂട്ടി അറിയിക്കാതെയുള്ള ഇത്തരം നടപടികൾ ചോദ്യം ചെയ്താൽ കേസിൽ കുടുക്കുമെന്നതടക്കം ഭീഷണിയാണ് കരാറുകാരിൽ നിന്ന് നാട്ടുകാർക്ക് ലഭിക്കുന്നത്. 35വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനി‌ർത്തി കാന കുഴിക്കുകയും പഴയ ടാറിംഗ് മാ​റ്റി ആധുനിക നിലവാരത്തിലുള്ളതാക്കി എന്നതൊഴിച്ചാൽ മ​റ്റൊരു പ്രവൃത്തിയും നടക്കുന്നില്ല.

1073 കോടി രൂപയാണ് പുനർ നിർമ്മാണത്തിന് കേന്ദ്ര ഫണ്ട് അനുവദിച്ചത്. എന്നാൽ ഇതിൽ നിന്നും ഒരു രൂപ പോലും മനുഷ്യജീവനുകൾ പൊലിയാതെ നിർമ്മാണം നടത്താൻ മാറ്റിവയ്ക്കില്ലെന്ന നിലപാടിൽ നിന്ന് ദേശീയ പാത അതോറിറ്റി പിന്മാറണം

ജൂബിൾ ജോർജ്, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

കാന കുഴിച്ച ശേഷം അപായ സൂചന നൽകുന്നതിന് പേരിന് ബോർഡുകൾ മാത്രം രാത്രിയിലെ അപകടം കുറയ്ക്കാൻ റിഫ്ലക്ടർ ബോർഡുകളോ മുന്നറിയിപ്പ് ലൈറ്റുകളോ ഇല്ല. കാന നിർമ്മാണമെന്ന് തിരിച്ചറിയുന്നത് പ്ളാസ്റ്റിക് ടേപ്പ് വലിച്ചുകെട്ടിയത് കൊണ്ട് മാത്രം

കാനയുടെ കോൺക്രീറ്റിംഗ് ജോലികൾ നടക്കുന്നതും ഏറെ അപകടം പിടിച്ച രീതിയിൽ കോൺക്രീറ്റിനായി തയ്യാറാക്കുന്ന കമ്പികൾ ആഴ്ചകളോളം റോഡിന് സമീപം ഉയർന്നു നിൽക്കുന്നു അപകട സാദ്ധ്യതയേറിയ ഇത്തരം കമ്പികൾക്ക് മുകളിൽ സോഫ്റ്റ് ക്യാപ്പുകൾ പോലുമില്ല