പെരുമ്പളം: പാണാവള്ളി-പെരുമ്പളം ബോട്ട് സ്റ്റേഷന്റെ പരിധിയിൽ സർവീസ് നടത്തുന്ന 6 ഇരുമ്പു ബോട്ടുകളും പത്തും ഇരുപതും വർഷം പഴക്കമുള്ളതാണ്. കാലപ്പഴക്കത്താൽ കണ്ടം ചെയ്യേണ്ട ഈ ബോട്ടുകളിൽ കൃത്യമായി അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ ഒന്നു പോലും യാത്രയ്ക്ക് യോഗ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ബോട്ട് മുടക്കം ഇവിടെ നിത്യസംഭവമാണ്. കായലിലെ വെള്ളക്കുറവും കാലാവസ്ഥ വ്യതിയാനവും നിമിത്തം സമയക്രമം പാലിക്കാതെയാണ് മിക്കവാറും ബോട്ടുകൾ സർവീസ് നടത്തുന്നത്. സ്ഥിരമായി വൈകിയോടുന്നതിനാൽ യാത്രക്കാർക്ക് കൃത്യസമയത്ത് ഓഫീസുകളിലും മറ്റും എത്താൻ കഴിയുന്നില്ല. ഒറ്റപ്പെട്ടു കിടക്കുന്ന ഉൾനാടൻ ഗ്രാമപഞ്ചായത്തായ പെരുമ്പളം ദ്വീപിലെ ജനങ്ങൾ തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യമായും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെയാണ്.
അപകടവും അശ്രദ്ധയും
കഴിഞ്ഞ ദിവസം പൂത്തോട്ടയിൽ നിന്നും 2 മണിക്ക് പാണാവള്ളി ബോട്ടിൽ വട്ടവയൽ ഭാഗത്ത് എത്തിയപ്പോൾ വെള്ളം കയറിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. ജീവനക്കാർ ചാമ്പ് പൈപ്പ് ഉപയോഗിച്ച് അശ്രാന്ത പരിശ്രമം നടത്തിയിട്ടും വെള്ളം വറ്റിച്ച് കളയാൻ കഴിഞ്ഞില്ല. ശ്രമപ്പെട്ട് വാത്തിക്കാട് ജെട്ടിയിൽ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം പാണാവള്ളിയിൽ നിന്നുള്ള സർവീസ് ബോട്ട് എത്തിയതോടെയാണ് യാത്രക്കാർക്ക് മറുകര എത്താൻ കഴിഞ്ഞത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പൂത്തോട്ടയിൽ നിന്നും 4.30 നുള്ള പാണാവള്ളി ബോട്ട് വത്തിക്കാട് ജെട്ടിയിൽ ശക്തമായി ഇടിച്ചുനിർത്തി. ജെട്ടിയിൽ അടുക്കുന്ന സമയമായതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ മിക്കവരും എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ പലരും ബോട്ടിൽ വീണു. ഇത്തരത്തിൽ ഇടിച്ചുനിർത്തിയതു മൂലം താങ്ങുകുറ്റികൾ ഉൾപ്പെടെ ഒടിഞ്ഞു പോയി. വാത്തിക്കാട്, കാളത്തോട് എന്നീ ജെട്ടികളിൽ ബോട്ട് ഇടിച്ച് കോൺക്രീറ്റിളക്കി ഇരുമ്പ് കമ്പികൾ പുറമേ കാണാവുന്ന അവസ്ഥയാണ്.
പുതിയ ബോട്ടുകൾ വേണം
പ്രദേശത്തെ സുരക്ഷിതമല്ലാത്ത ഇരുമ്പു ബോട്ടുകൾ പിൻവലിച്ച് പുതിയ ബോട്ടുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം.എസ്. ദേവരാജ് നവകേരള സദസിൽ നൽകിയ നിവേദനത്തിൽ നാളിതുവരെ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല. ജല മെട്രോ സർവീസ് പെരുമ്പളത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. സോമനാഥൻ ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിനും മറുപടിയില്ല.