manja-pra
അങ്കമാലി-മഞ്ഞപ്ര റോഡിൽ കാന ഇടിഞ്ഞ നിലയിൽ

അങ്കമാലി: അങ്കമാലി​​​-മഞ്ഞപ്ര റോഡ് നിർമ്മാണത്തിലെ അപാകത മൂലം വശങ്ങളിൽ നിർമ്മിച്ച കാന ചരിത്ര ലൈബ്രറിക്കു സമീപം ഇടിഞ്ഞു വീണു. കാനകൾ നിർമ്മിച്ചതിന് ശേഷം റോഡ് നിർമ്മാണം നടത്തുന്നതിന് പകരം റോഡ് നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷമാണ് കരാറുകാരൻ കാനകൾ നിർമ്മിച്ചത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കരിങ്കല്ലുകൾ അടക്കി നിർമ്മിച്ച കാനയുടെ ഭിത്തിയാണ് ഇടിഞ്ഞു തകർന്നത്. അങ്കമാലി-മഞ്ഞപ്ര റോഡ് 15 കിലോമീറ്റർ ദൂരം ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 15 കോടി അനുവദിച്ചിരുന്നു. 5 കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു എസ്റ്റിമേറ്റ്. കരാറുകാരൻ റോഡ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും കാനനിർമ്മാണം ഒഴിവാക്കുകയായിരുന്നു. പിന്നീട് തുടർച്ചയായ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് കാനനിർമ്മാണം നടത്തിയത്. കാനകൾ നിർമ്മിക്കുമ്പോൾ റോഡിനോട് ചേർന്ന ഭാഗം കമ്പികൾ പാകി കോൺക്രീറ്റ് ചെയ്യുന്നതിനുപകരം പൂഴിമണ്ണിൽ കല്ലുകൾ അടക്കി വച്ച് മുകളിൽ സിമന്റ് തേച്ചുപിടിപ്പിക്കുകയായിരുന്നു. ഇതോടെ ഭാരമുള്ള വണ്ടികൾ അരികുചേർന്ന് പോകുമ്പോൾ കാന ഇടിഞ്ഞ് വശങ്ങളിലേക്ക് വണ്ടികൾ മറിയുന്നത് സാധാരണ സംഭവമായി. കിടങ്ങൂർ കപ്പേള ഭാഗത്ത് ഈ വിധം രണ്ടു വലിയ വാഹനങ്ങൾ മറിഞ്ഞിരുന്നു.

മഞ്ഞപ്ര- അങ്കമാലി റോഡിൽ കിലോമീറ്ററിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ ടെൻഡർ നൽകിയത് നിർമ്മാണത്തിലെ അപാകത മൂലം പൊളിച്ചു നീക്കി വീണ്ടും ലക്ഷങ്ങൾ മുടക്കിയാണ് കാന നിർമ്മാണം ആദ്യഘട്ടത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം