മൂവാറ്റുപുഴ: മൂവാറ്റുപുഴ ലയൺസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം 19ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും. സുവർണ ജൂബിലി വർഷത്തിൽ 51 ജീവകാരുണ്യ പദ്ധതികളാണ് ഈ വർഷം ലയൺസ് ക്ലബ് പൂർത്തീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അർഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകൾ നിർമ്മിച്ചു നൽകുന്ന പാർപ്പിടം പദ്ധതിയാണ് ഏറ്റവും പ്രധാനം. 12 വീടുകളാണ് ലയൺസ് ക്ലബ് പൂർത്തീകരിച്ച് നൽകിയിരിക്കുന്നത്. രണ്ട് വീടുകൾക്ക് ആവശ്യമായ സ്ഥലവും നൽകി. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ മുൻ ഡയറക്ടർ വിജയ് കുമാർ രാജു നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ വീടുകളുടെ താക്കോൽദാനം നടത്തും. ലയൺസ് ക്ലബ് പ്രസിഡന്റ് എ.ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.