മൂവാറ്റുപുഴ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് മൂവാറ്റുപുഴ നഗരസഭയിൽ തുടക്കമായി. പത്ത് പേരടങ്ങുന്ന ഇരുപത്തിയഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിൽ ഉടനീളം ഒരു പകൽ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുകയും ഓടകൾ വൃത്തിയാക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുകയും പുല്ലും കാടും വെട്ടി മാറ്റുകയും ചെയ്തു. അംഗൻവാടി പ്രവർത്തകർ, ആശാപ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ കണ്ടിജന്റ് ജീവനക്കാർ, വാക്കിംഗ് ക്ലബ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസ അഷറഫ്, മീര കൃഷ്ണൻ, കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, അമൽ ബാബു, ജോളി മണ്ണൂർ, സി.ഡി.എസ്. ചെയർപഴ്സൺ പി.പി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് സ്ഥാപനങ്ങളിലും നാളെ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. ഇതിന് പുറമെ 18, 19 തിയതികളിൽ 28 വാർഡുകളിലും ശുചീകരണം നടത്തും.