ആലുവ: കഴിഞ്ഞ ദിവസത്തെ ശക്തമായ ഇടിമിന്നലിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശേരി തുരുത്തിക്കാട് പ്രദേശത്ത് വൻ നാശനഷ്ടം. മദ്ധ്യവയസ്കയ്ക്ക് ഷോക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇലക്ട്രോണിക്ക് സാധനങ്ങളും കത്തിനശിച്ചു. ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുട്ടമശേരി തുരുത്തിക്കാട് ലീല (50)ക്കാണ് വൈദ്യുതാഘാതമേറ്റത്. വീട്ടിലെ വൈദ്യുതി വിളക്ക് തെളിയിക്കുന്നതിനിടെയാണ് ഷോക്കേറ്റ് തറയിലേക്ക് തെറിച്ചുവീണത്. ശക്തമായ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുരുത്തിക്കാട് തച്ചൻകുന്നത്ത് വീട്ടിൽ അലി, കാരിക്കോളിൽ വീട്ടിൽ ഗിരിജ, അയ്യമ്പ്രാത്ത് വീട്ടിൽ സലീം, വളപ്പുങ്കൽ അബൂബക്കർ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്. വയറിംഗ്, ഫ്രിഡ്ജുകൾ, ഫാനുകൾ, മോട്ടോറുകൾ, ഇൻവെർട്ടറുകൾ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ കത്തിനശിച്ചു. തച്ചൻകുന്നത്ത് അലിയുടെ മതിലും സ്ട്രീറ്റ് ലൈറ്റുകളും ഇടിമിന്നലിൽ തകർന്നിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ഇന്നലെ ഉച്ചയോടെയാണ് പുനസ്ഥാപിച്ചത്.
കുട്ടമശ്ശേരി തുരുത്തിക്കാട് ഇറിഗേഷൻ കനാലിനോട് ചേർന്നുള്ള അടുത്തടുത്ത വീടുകൾക്കാണ് ഇടിമിന്നലേറ്റത്. വീട്ടുടമകൾ നഷ്ടപരിഹാരത്തിനായി വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി.
നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം
ഷെമീർ കല്ലുങ്കൽ
കോൺഗ്രസ് നേതാവ്