ആലുവ: വീൽചെയറിൽ ജീവിതം തള്ളിനീക്കുമ്പോളും പ്രതിസന്ധികളിൽ തളരാതെ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി നാടിന്റെയും സ്‌കൂളിന്റെയും അഭിമാനമായി കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ.
എല്ലുകൾ ഒടിയുന്ന ജനിതക രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെർഹസ്റ്റയോട് പൊരുതിയാണ് എയ്ഞ്ചൽ മരിയയുടെ വിജയത്തിളക്കം. സ്‌ക്രൈബിന്റെ സഹായത്തോടെയായിരുന്നു പരീക്ഷ എഴുതിയത്. വിദേശത്ത് ജോലി ചെയ്യുന്ന ചുണങ്ങുംവേലി സ്വദേശി തൊണ്ടിപ്പറമ്പിൽ പ്രദീപ് ജോസഫിന്റെയും സിമി തോമസിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ്. ആൻമേരി, ക്രിസ്‌ജോ എന്നിവർ സഹോദരങ്ങളാണ്. ഒന്നാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കീഴ്മാട് ഗവ. യു.പി സ്‌കൂളിലായിരുന്നു പഠനം. ആ സമയത്ത് ബി.ആർ.സി അദ്ധ്യാപകരുടെ സഹായത്തോടെ വീട്ടിലിരുന്നായിരുന്നു പഠനം.
എട്ടാം ക്ലാസ് മുതൽ വീൽചെയറിന്റെ സഹായത്തോടെ ദിവസവും കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തി പഠനം തുടർന്നു. പ്ലസ് വണ്ണിന് കമ്പ്യൂട്ടർ സയൻസിൽ തുടർപഠനം നടത്താനാണ് തീരുമാനം. ഐടി വിദഗ്ധയാവുക എന്നതാണ് ഏഞ്ചൽ മരിയയുടെ ലക്ഷ്യം.