ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ തോട്ടുമുഖത്ത് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച ഭാഗത്ത് ചരക്കുലോറി പുതഞ്ഞത് മണിക്കൂറുകളോളം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. കാലടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് അരിയുമായി പോയ നാഷണൽ പെർമിറ്റ് ലോറിയുടെ പിൻചക്രങ്ങളാണ് ചെളിയിൽ പുതഞ്ഞത്. ബുധനാഴ്ച വൈകിട്ട് 5.30ന് കുഴിയിൽ പുതഞ്ഞ ലോറി രാത്രി പത്തരയോടെ രണ്ട് ജെ.സി.ബിയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വലിച്ചുകയറ്റിയത്. ആദ്യം ഒരു ജെ.സി.ബി ഉപയോഗിച്ച് വലിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ റോപ്പ് പൊട്ടിയത് പ്രതിസന്ധിയായി. പിന്നീട് മറ്റൊരു ജെ.സി.ബിയും റോപ്പുകളുമെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ വലിച്ചുകയറ്റുകയായിരുന്നു. ഈ സമയത്തുണ്ടായ മഴയും ഗതാഗത കുരുക്ക് ഇരട്ടിയാക്കി. റോഡിൽ പലയിടങ്ങളിലും ഇത്തരത്തിൽ പൈപ്പിട്ട കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവായിട്ടുണ്ട്. ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴി മണ്ണിട്ട് മൂടിയിരിക്കുകയാണ്. ടാറിംഗ് നടത്താത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.