കൊച്ചി: വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ എൻ.എസ്.കെ ഉമേഷ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ ആർ.ഡി.ഒയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ഷൈജു പി. ജേക്കബിനാണ് അന്വേഷണച്ചുമതല. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. രോഗംപടരാനുള്ള സാഹചര്യങ്ങൾക്കുപുറമേ അധികൃതർക്ക് പാളിച്ചകളുണ്ടായോയെന്നും പരിശോധിക്കും. സമഗ്രറിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മുടക്കുഴയിലും ഒരാൾ മരിച്ചിരുന്നു. ജല അതോറിട്ടിയുടെ കുടിവെള്ള സംഭരണിയിലെ വെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെ മേഖലയിൽ ശുദ്ധീകരിച്ച വെള്ളം വിതരണംചെയ്യാൻ നടപടി സ്വീകരിച്ചു.
ഏപ്രിൽ 17നാണ് കൈപ്പള്ളിയിലെ ഒരുവീട്ടിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്തത്. മറ്റു വാർഡുകളിലേക്ക് പെട്ടെന്ന് പടർന്നു.
രോഗബാധിതർ 208,
4 പേർക്ക് ഗുരുതരം
രോഗബാധിതരുടെ എണ്ണം 208ആയി. പനങ്കുഴി, ക്രാരിയേലി, പാണിയേലി, മുനിപ്പാറ, മേയ്ക്കപ്പാല, അരുവപ്പാറ, നെടുങ്ങപ്പാറ, എടത്തുരുത്ത്, വേങ്ങൂർ, വക്കുവള്ളി, ചൂരത്തോട്, കായ്പ്പിള്ളി, കോടമ്പിള്ളി, കൊമ്പനാട്, പുതുമന വാർഡുകളാണ് രോഗബാധിതമേഖലകൾ. 42പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ജന (28) -ലിസി ആശുപത്രി, ശ്രീകാന്ത് (36)- രാജഗിരി ആശുപത്രി, കാർത്യായനി (52)- കോട്ടയം മെഡിക്കൽ കോളേജ്, അമൃതയിലെ ആറുവയസുകാരി എന്നിവർ ഗുരുതരാവസ്ഥയിലാണ്.
ചികിത്സാ സഹായനിധി
പാവപ്പെട്ട കുടുംബങ്ങളിലുള്ളവരാണ് മഞ്ഞപ്പിത്തത്തിന് ഇരകളായത്. മഞ്ഞപ്പിത്ത ചികിത്സാസഹായനിധി എന്ന പേരിൽ ഫെഡറൽബാങ്കിന്റെ വേങ്ങൂർശാഖയിൽ അക്കൗണ്ട് തുറന്നു (A/C No:10620200002023, IFS CODE :FDRL0001062).
ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, മുൻ എം.എൽ.എ സാജുപോൾ രക്ഷാധികാരികൾ), വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് (ചെയർപേഴ്‌സൺ), ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ് (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
രോഗലക്ഷണങ്ങൾ
അവഗണിക്കരുത്
ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. രോഗലക്ഷണം കണ്ടാൽ വിദഗ്ദ്ധചികിത്സ ഉറപ്പാക്കണം. മലിനജലം, ഭക്ഷണം, രോഗികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം ബാധിക്കാം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച് ആറാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും. ക്ഷീണം, പനി, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കുടിവെള്ളത്തിനു പുറമേ വായകഴുകുന്ന വെള്ളവും ശുദ്ധമായിരിക്കണം. രോഗബാധിതർ ഭക്ഷണം വിളമ്പുകയോ പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യരുത്.