പറവൂർ: പുതിയ ദേശീയപാത 66ൽ നിർമ്മിക്കുന്ന എല്ലാ പാലങ്ങളും ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങളും വൈദ്യുതി വിതരണ തടസങ്ങളും പരിശോധിക്കാൻ ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥതല യോഗം തിരുമാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് ജില്ലാകളക്ടർ യോഗം വിളിച്ചത്. മൂത്തകുന്നം മുതൽ വരാപ്പുഴ വരെ പതിനഞ്ച് പാലങ്ങളാണുള്ളത്. ഇതിൽ അഞ്ച് വലിയപാലങ്ങൾ മേജർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലും പത്ത് പാലങ്ങൾ മൈനർഇറിഗേഷൻ വകുപ്പിന്റെ കീഴിലുമാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അഞ്ച് പാലങ്ങൾ ഇന്ന് പരിശോധിക്കും. ദേശീയപാത അധികൃതർ, തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുക്കും. കുടിവെള്ളം, വൈദ്യുതി എന്നിവയുമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 21ന് സംയുക്തയോഗം ചേരും. പ്രദേശത്തെ ജനപ്രതിനിധികളുടെ അശങ്കകൾ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുകയെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. പെരിയാറിന് കുറുകെ പറവൂർ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന് ഉയരക്കുറവും പുഴയ്ക്ക് വീതിക്കുറവും ഉണ്ടായതിനെ തുടർന്നാണ് ജനങ്ങളുടെ പ്രതിഷേധമുണ്ടായത്. പറവൂർ പാലത്തിന്റെ നിർമ്മാണത്തിന് ജില്ലാകളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.