തോപ്പുംപടി: മൂലങ്കുഴിയിൽ കടയിൽക്കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. മുണ്ടംവേലി അത്തിപ്പൊഴിയിൽ പുത്തൻപാടത്ത് വീട്ടിൽ അലൻ ജോസിനെയാണ് (24) മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ അത്തിപ്പൊഴി ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.
മൂലങ്കുഴി കരുവേലിപ്പറമ്പിൽ സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലിയാണ് (46) കുത്തേറ്റുമരിച്ചത്. മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.45ഓടെ സൗദി സെന്റ് ആന്റണീസ് സ്കൂളിന് സമീപത്തെ സ്വകാര്യസ്ഥാപനത്തിൽ എത്തിയ പ്രതി അലൻ ജീവനക്കാരനായിരുന്ന ബിനോയിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കടയിൽ മറ്റാരുമില്ലായിരുന്നു. പുറത്ത് നല്ല മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. രക്തം കടയുടെ പുറത്തേക്ക് ഒഴുകിവന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം പ്രതി രക്ഷപ്പെട്ടിരുന്നു.
തോപ്പുംപടി എസ്.ഐ അനുരാജ്, മട്ടാഞ്ചേരി എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം.പി. മധുസൂദനൻ, സീനിയർ സി.പി.ഒമാരായ അനീഷ്, എഡ്വിൻ റോസ്, സി.പി.ഒമാരായ ഉമേഷ് ഉദയൻ, ബേബിലാൽ, എം.എ. ജോൺ, സജി, വിനോദ്, ബിബിൻ മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.