പറവൂർ: പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ അതിജീവിതയ്ക്കെതിരെ പ്രതിയും കുടുംബവും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മാദ്ധ്യമങ്ങൾ അമിതതാത്പര്യം കാട്ടുന്നതും അന്തസിന് കളങ്കംചാർത്തുന്ന പ്രയോഗങ്ങളും ഒഴിവാക്കണമെന്ന് സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. പീഡനത്തിനിരയായ നവവധുവിന്റെ പറവൂരിലെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. നീതി ലഭിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുവജന കമ്മിഷന്റെ പിന്തുണയും സഹായവും ഉണ്ടാകും. സ്ത്രീധനത്തിനെതിരെ യുവത ഒന്നിക്കണമെന്നും എം. ഷാജർ പറഞ്ഞു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓഡിനേറ്റർ എ.ആർ. രഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.