കൊച്ചി: അഖിലേന്ത്യ സർവീസിൽ നിന്ന് വിരമിച്ചവർക്കെതിരായ വകുപ്പുതല,​ ജുഡിഷ്യൽ നടപടി അവസാനിക്കും വരെ പൂർണ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. അബ്ദുൽ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

മുൻ ഡി.ജി.പി എസ്. പുലികേശിക്ക് ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനും അനുവദിക്കാനുള്ള സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീലിലാണ് വിധി.

2001ൽ സപ്ലൈകോ എം.ഡിയായിരിക്കെ രജിസ്‌റ്റർ ചെയ്ത അഴിമതിക്കേസിന്റെ പേരിൽ ആനുകൂല്യങ്ങൾ തടഞ്ഞതിനെ ചോദ്യംചെയ്തായിരുന്നു പുലികേശി ട്രൈബ്യൂണലിനെ സമീപിച്ചത്. എറണാകുളം സി.ബി.ഐ കോടതിയുടെ പരിഗണനയിലാണ് കേസ്. പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ട്രൈബ്യൂണൽ അനുകൂല ഉത്തരവിട്ടത്.

വിചാരണ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന് അനുസൃതമായി വകുപ്പുതല നടപടികളും പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കി.