കൊച്ചി: ബ്ളേഡ് പലിശക്കാരായ മൂന്നുപേർ സിറ്റി പൊലീസ് ഡാൻസാഫ് ടീമും സെൻട്രൽ പൊലീസും ലോഡ്ജുകളിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായി. തൃശൂർ ഒല്ലൂർ അക്കരവീട്ടിൽ അന്റോൻ ജെ. അക്കര (27), വരാപ്പുഴ ഒ‌ൗത്തലി​പ്പറമ്പ് അജ്‌നാസ് (30), തൊടുപുഴ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാനു ഷാജി (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഉയർന്ന പലിശനിരക്കിൽ പണം കടം കൊടുക്കുന്ന സംഘാംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. എയർപി​സ്റ്റൾ, ഒപ്പി​ട്ട നി​രവധി​ ബ്ളാങ്ക് ചെക്കുകൾ, മുദ്രപ്പത്രങ്ങൾ എന്നി​വയും കണ്ടെടുത്തു. കുടി​ശി​കക്കാരെ ഭയപ്പെടുത്താനാണ് എയർപി​സ്റ്റൾ ഉപയോഗി​ച്ചി​രുന്നത്.

എറണാകുളം സെൻട്രൽ എ.സി​.പി വി.കെ. രാജു, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായി​രുന്നു റെയ്ഡ്. പ്രിൻസിപ്പൽ എസ്.ഐ റെജിരാജ്, എസ്.ഐ രവീന്ദ്രൻ, എ.എസ്.ഐ സജി എന്നിവരും പൊലീസ് സംഘത്തി​ൽ ഉണ്ടായിരുന്നു.