മൂവാറ്റുപുഴ: ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല എന്ന രോഗികളുടെയും പൊതുജനങ്ങളുടെയും പരാതികളെ തുടർന്ന് നഗരസഭ അധികൃതർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി. രാവിലെ മുതൽ നിരവധി രോഗികളാണ് പരിശോധനയ്ക്കായി ആശുപത്രി ഒ.പിയിൽ എത്തിയത്. എന്നാൽ ഒരു ഡോക്ടർ മാത്രമാണ് ആ സമയം ഉണ്ടായിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയ രോഗികൾ പലരും ഡോക്ടർമാരെ കാണാതെ വലഞ്ഞു. ഇതേതുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തെയും മറ്റ് അധികൃതരെയും രോഗികൾ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് നഗരസഭ അധികൃതർ എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തുടർന്ന് ആശുപത്രി മാനേജ്മെന്റുമായി നഗരസഭ അധികൃതർ ചർച്ച നടത്തി. വരും ദിവസങ്ങളിൽ വേണ്ടവിധത്തിലുള്ള ക്രമീകരണങ്ങൾ നടത്താമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് നഗരസഭാ കൗൺസിലർമാർ അടക്കമുള്ളവർ മടങ്ങിയത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, കൗൺസിലർമാരായ ജിനു ആൻ്റണി, ബിന്ദു ജയൻ, അസം ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

ഇനി വരുന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ വിഷയം ഉന്നയിക്കും. രോഗികളെ ബുദ്ധിമുട്ടിക്കാതെ തരത്തിലുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും

സിനി ബിജു

നഗരസഭാ വൈസ് ചെയർപേഴ്സൺ

ആശുപത്രി അധികൃതരുടെ വിശദീകരണം

ഡോക്ടർമാർ ഇല്ല എന്നത് വാസ്തവവിരുദ്ധമാണ്. എല്ലാ വിഭാഗത്തിലും ഓരോ ഡോക്ടർമാർ വീതം ഡ്യൂട്ടിയിൽ ഉണ്ട്. വർക്ക് അറേഞ്ച്മെന്റ് ഭാഗമായി മറ്റുള്ള ഹോസ്പിറ്റലിലേക്ക് പോയതുകൊണ്ടാണ് എല്ലാ ഡോക്ടർമാരുടെയും സേവനം ലഭിക്കാത്തത്.