കൊച്ചി: കുടിവെള്ളത്തിനായി ജലഅതോറിട്ടിയിൽ കയറിയിറങ്ങി മടുത്ത അവസ്ഥയിലാണ് എളമക്കര സൗത്ത് ഡിവിഷൻവാസികൾ. ദേശാഭിമാനി റോഡ് മുതൽ ഡിവിഷന്റെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മാസങ്ങളായി കുടിവെള്ളം ലഭിക്കാറില്ലെന്ന് കൗൺസിലർ പറയുന്നു. കറുകപ്പള്ളി, കളരിയ്ക്കൽ, ത്രിവർണ റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വലിയ തോതിൽ കുടിവെള്ള ക്ഷാമമുണ്ട്.
ജല അതോറിട്ടിയുമായി പലതവണ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. നാട്ടുകാർ പലതവണ അധികൃതരെ കണ്ട് സംസാരിക്കുകയും സമരങ്ങൾ നടത്തിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. എ.ഇ അടക്കമുള്ള അധികൃതർ നാളുകൾക്ക് മുമ്പ് വിവിധ സ്ഥലങ്ങളിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. ജനങ്ങളുടെ പരാതി കേൾക്കുന്നതല്ലാതെ ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ല.
ജനങ്ങൾ വാട്ടർ അതോറിട്ടിയിൽ പരാതി പറയുമ്പോൾ ഓരോ ഭാഗങ്ങളും കുഴിക്കും. എന്നാൽ വെള്ളം ലഭിക്കില്ല. ചില വീടുകളിൽ പ്ലംബർമാരെത്തി ഒരാൾതാഴ്ചയിൽ കുഴിയെടുത്ത് കണക്ഷൻ നൽകും. ഇതിന് 15000 രൂപയോളം ചെലവ് വരും. എന്തുകൊണ്ടാണ് കുടിവെള്ളം ലഭിക്കാത്തതെന്ന് ചോദിച്ചാൽ ജലഅതോറിട്ടി അധികൃതർക്ക് മറുപടിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പലരും കുടിവെള്ളം വിലയ്ക്കുവാങ്ങുകയാണ്. കൗൺസിലറുടെ നേതൃത്വത്തിലും ടാങ്കറുകളിൽ വെള്ളം എത്തിക്കാറുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ലൈനിലെ വെള്ളം ഹൈപവറിൽ പമ്പ് ചെയ്ത് എടുക്കുന്നതിനാൽ പല വീടുകളിലും വെള്ളം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രവർത്തനക്ഷമമാകാതെ ഓവർ ഹെഡ് ടാങ്ക്
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള ഓവർ ഹെഡ് ടാങ്ക് പ്രവർത്തനസജ്ജമാക്കിയാൽ നിലവിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നത്. എന്നാൽ ജലഅതോറിട്ടി തയ്യാറാകുന്നില്ലത്രെ.
................................................................................................................
പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജല അതോറിട്ടിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്റ്റേഡിയത്തിന് അടുത്തുള്ള ഓവർ ഹെഡ് ടാങ്ക് പ്രവർത്തന സജ്ജമാക്കി ദേശാഭിമാനി റോഡ് ഭാഗത്തേക്ക് കണക്ഷൻ നൽകിയാൽ ഈ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കും
സജിനി ജയചന്ദ്രൻ, കൗൺസിലർ
മാസങ്ങളായി പ്രദേശത്ത് കുടിവെള്ളം ലഭിക്കാനില്ല. ജല അതോറിട്ടി പിക്കറ്റിംഗ് വരെ നടത്തിയെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല.
പി.എം. നജീബ, സെക്രട്ടറി, എട്ടുകാട്ട് റസിഡൻസ് അസോസിയേഷൻ