photo17
തൊഴിലുറപ്പ് പദ്ധതി അഴിമതിക്കേസിൽ ഞാറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ എൽ.ഡി.എഫ് മാർച്ച്

വൈപ്പിൻ : തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ പ്രതിയായ ഞാറക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷിൽഡ റിബോറയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ആഫീസിലേക്ക് മാർച്ച് നടത്തി. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഷിൽഡ തൽസ്ഥാനം രാജി വെക്കണമെന്നും അഴിമതിക്ക് കൂട്ട് നിന്ന മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
2014-20 കാലയളവിലെ യു.ഡി.എഫ് ഭരണകാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 19 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഈ കേസിൽ 11 പേർ പ്രതികളാണ്. മാർച്ച് സി.പി.എം.ഏരിയ സെക്രട്ടറി എ.പി. പ്രീനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എം.ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, പി.ജി. ഷിബു, കെ.എം. ദിനേശൻ, എ.എ. സുരേഷ് ബാബു, പി.ഡി. ലൈജു, കെ.വി. നിജിൽ എന്നിവർ പ്രസംഗിച്ചു.