കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിൽ സ്റ്റേ ആവശ്യം ഉന്നയിച്ചെങ്കിലും ജസ്റ്റിസ് വിജു എബ്രഹാം പരിഗണിച്ചില്ല. ഹർജി 21ന് പരിഗണിക്കാൻ മാറ്റി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ വിജേഷ് പിള്ള എന്നയാൾ വഴി എം.വി.ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബംഗളൂരുവിൽ വച്ച് 30കോടി വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷാണ് പരാതി നൽകിയത്.