കൊച്ചി: അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച കേസിൽ പ്രതി സമ‌ർപ്പിച്ച ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. മൂവാറ്റുപുഴ നിർമ്മല കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായിരുന്ന നമിതയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതി ആൻസൺ റോയിയുടെ ജാമ്യഹർജിയാണ് പരിഗണിച്ചത്. പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നി‌ർദ്ദേശിച്ചു. പ്രതിക്കെതിരേ ലഹരിക്കേസുകളടക്കം 11 കേസുകളുണ്ടെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

2023 ജൂലായ് 26നാണ് നമിതയുടെ മരണത്തിനിടയാക്കിയ അപകടം. കോളേജിന് മുന്നിലൂടെ പാഞ്ഞുവന്ന ബൈക്ക് പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിനുമുമ്പും അതിനുശേഷവും ആൻസണ് മാനസികപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ അപകടദിവസം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഹർജി 28ന് പരിഗണിക്കാൻ മാറ്റി.