കൊച്ചി: വിശ്രമജീവിതം ആസ്വദിക്കുന്നതിന്റെ ഭാഗമായി താൻ വരച്ച ചിത്രങ്ങൾ പ്രദർശനത്തിന് എത്തിക്കുകയാണ് ഇടപ്പള്ളി ചുറ്റുപാടുകര ശ്രീവത്സത്തിൽ വീട്ടിൽ റിട്ടയേർഡ് മുഖ്യാധിപിക കൂടിയായ എം.ജി. തങ്കമ്മ. എറണാകുളം ഡർബാർ ആർട്ട് ഗാലറിയിലാണ് നിറക്കൂട്ട് എന്ന പേരിൽ ചിത്രപ്രദ‌‌ർശനം ആരംഭിച്ചത്. ഏലൂർ പാതാളം ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപികയായി വിരമിച്ച തങ്കമ്മ ടീച്ചറിന്റെ രണ്ടാമത്തെ ചിത്രപ്രദ‌ർശനമാണിത്.

32 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എണ്ണച്ചായം, അക്രിലിക് എന്നീ മാദ്ധ്യമങ്ങളിലാണ് ചിത്രങ്ങൾ വരച്ചത്. പുരാണകഥകൾ, കാഴ്ചകൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുന്നത്. വിശ്രമജീവിതം ആരംഭിച്ച് 15 വർഷങ്ങൾക്ക് ശേഷമാണ് തങ്കമ്മ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. മുമ്പ് പെൻസിൽ ഉപയോഗിച്ച് വരച്ചിരുന്നെങ്കിലും കാര്യമായി എടുത്തിരുന്നില്ല. 2018ൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലായിരുന്നു തങ്കമ്മയുടെ ആദ്യ ചിത്രപ്രദർശനം. ചിത്രരചനയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് 88കാരി. ദിവാൻസ് റോഡിലെ ആദർശ് സ്കൂൾ ഒഫ് ആർട്സിൽ വിജയന്റെ കീഴിൽ ചിത്രരചന പഠിക്കുന്നുമുണ്ട്.

പ്രത്യേക വിഷയത്തിൽ ഇനി ചിത്രങ്ങൾ വരച്ച് പ്രദർശനം നടത്തണമെന്നാണ് തങ്കമ്മയുടെ ആഗ്രഹം. അതിനുള്ള വിഷയം കണ്ടെത്താനുള്ള ആലോചനയിലാണ്. ഇന്നലെ ആരംഭിച്ച ചിത്രപ്രദർശനം നാളെ അവസാനിക്കും.