
കൊച്ചി: നഗരത്തിലെ വ്യാപാരമേഖലകളിൽ മോഷണം വർദ്ധിക്കുന്നത് തടയാൻ നൈറ്റ് പട്രോളിംഗ് ഉൾപ്പെടെ കാര്യക്ഷമമാക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നാല് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നു. വ്യാഴാഴ്ച ടി.ഡി. റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷ്ടാക്കൾ കയറാൻ ശ്രമിച്ചെങ്കിലും സ്ഥാപന ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കടന്നുകളഞ്ഞു. തുടർച്ചയായ മോഷണങ്ങൾ വ്യാപാരികളെ ഭീതിപ്പെടുത്തുന്നുണ്ട്. മാർക്കറ്റ് മേഖലയിലും പരിസരത്തുമുള്ള റോഡുകളിൽ പൊലീസ് ജാഗ്രത കാര്യക്ഷമമാക്കി വ്യാപാരികൾക്ക് സംരക്ഷണം നൽകണമെന്ന് ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിലും ആവശ്യപ്പെട്ടു.