കൊച്ചി: അപകടങ്ങൾ തുടർക്കഥയായതോടെ സീപോർട്ട് - എയർപോർട്ട് റോഡിലെ ഇരുമ്പനംമുതൽ കളമശേരിവരെയുള്ള ഭാഗത്ത് അപകടമുണ്ടാക്കുംവിധം നിറുത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശനനടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇരുമ്പനം കളമശേരി ഭാഗത്ത് ഇന്ധന ടാങ്കർലോറികളുടെ അനധികൃത പാർക്കിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ചെത്തിക്കോട് സ്വദേശി എൽദോ സമർപ്പിച്ച പരാതിയിലാണ് നടപടി.

കൊച്ചി സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റിന് ആവശ്യമായ നിർദ്ദേശം നൽകണം. കൃത്യമായി നിരീക്ഷിച്ച് തുടർനടപടിയും സ്വീകരിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി തൃക്കാക്കര അസി. കമ്മിഷണർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്ന് എ.സി.പി അറിയിച്ചു.