പറവൂർ: ശ്രീനാരായണ ഗുരുദേവദർശനം ജനമനസുകളിലേക്കെത്തിക്കാൻ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റേയും 72 ശാഖായോഗങ്ങളുടേയും നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദർശനോത്സവം ഇന്നും നാളെയുമായി ചേന്ദമംഗലം കവലയിൽ യൂണിയൻ ഓഫീസിന് സമീപം തയ്യാറാക്കിയ വേദിയിൽ (കുമാരനാശാൻ നഗർ) നടക്കും.
ഇന്ന് രാവിലെ 7.30ന് മൂത്തകുന്നം സുഗതൻതന്ത്രി വേദിയിലെ മണ്ഡപത്തിൽ ഗുരുദേവവിഗ്രഹം പ്രതിഷ്ഠിക്കും. ഗുരുദേവധർമ്മം ആധുനികസമൂഹത്തിൽ എന്ന വിഷയത്തിൽ 10ന് പി.എം.എ സലാം മുസ്ളിയാർ മന്നാർ പ്രഭാഷണം നടത്തും. 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്ര് ബോർഡ് മെമ്പർ പ്രീതി നടേശൻ ദീപം പ്രകാശിപ്പിക്കും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
മന്ത്രി പി. രാജീവ് ദർശനോത്സവസന്ദേശം നൽകും. യോഗം ഡയറക്ടർ പി.എസ്. ജയരാജ് ആമുഖപ്രസംഗം നടത്തും. യോഗം ഡയറക്ടർ എം.പി. ബിനു ഗുരുദേവസന്ദേശം നൽകും. നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, യൂണിയൻ കൗൺസിലർമാരായ കണ്ണൻ കൂടുകാട്, വി.എൻ. നാഗേഷ്, കെ.ബി. സുഭാഷ്, ടി.പി. രാജേഷ്, വൈദികസംഘം പ്രസിഡന്റ് വിപിൻരാജ് ശാന്തി, യൂത്ത്മൂവ്മെന്റ് ചെയർമാൻ അഖിൽ ബിനു, എംപ്ളോയീസ് ഫോറം പ്രസിഡന്റ് എം.ആർ. സുദർശനൻ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി സ്വാഗതവും യൂണിയൻ കൗൺസിലറും എം.എഫ്.ഐ ചീഫ് കോ ഓഡിനേറ്ററുമായ ഡി. പ്രസന്നകുമാർ നന്ദിയും പറയും.
ഉച്ചയ്ക്ക് രണ്ടിന് ഫാ. ഡേവിസ് ചിറമ്മേലിന്റെ പ്രഭാഷണം, മൂന്നിന് കലാപരിപാടികൾ തുടർന്ന് പൂജ, സമർപ്പണം.
നാളെ രാവിലെ പത്തിന് മുൻകാല യൂണിയൻ നേതാക്കളുടെ അനുസ്മരണസമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ അനുസ്മരണ പ്രഭാഷണവും നടത്തും. വൈകിട്ട് മൂന്നിന് സമാപനസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുരുദേവസന്ദേശം നൽകും. സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.