പറവൂർ: പുതിയ ദേശീയപാത 66ൽ നിർമ്മിക്കുന്ന നാല് പാലങ്ങളുടെ ഉയരക്കുറവ് സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. മൂത്തകുന്നം കുര്യാപ്പിള്ളിയിലെ രണ്ടും ചെറിയപ്പിള്ളി, വടക്കേക്കര എന്നീ പാലങ്ങളുമാണ് പരിശോധിച്ചത്. നാലുപാലങ്ങളും മേജർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ നിയമപ്രകാരമുള്ള പാലങ്ങളുടെ ഉയരം ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കരാർ കമ്പനിയായ ഓറിയന്റലിലെ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. അടുത്ത ദിവസം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തില്ല. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകൂവെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. 21ന് ദേശീയപാത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വരാപ്പുഴ മുതൽ മൂത്തകുന്നം വരെ പരിശോധന നടത്തുമെന്നും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, ജനപ്രതിനിധികൾ, പ്രതിപക്ഷനേതാവിന്റെ ഓഫീസ് ജീവനക്കാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.