veena

കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കിയിട്ട് ഒരുമാസം പിന്നിട്ടിട്ടും പിടിച്ചുകെട്ടാനാവാതെ അധികൃതർ. 219 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 11 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രോഗം പടരാനുള്ള സാഹചര്യങ്ങൾക്ക് പുറമെ അധികൃതർക്ക് പാളിച്ച ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും.

ആരോഗ്യ മന്ത്രിയെ കണ്ടു

വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം നൽകി. മഞ്ഞപ്പിത്തരോഗ ബാധയെ തുടർന്ന് തൂങ്ങാലി സി.എച്ച്.സിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിയാലോചിച്ച് സർക്കാർതലത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ ഏകോപിപ്പിച്ച് ചെയ്യും. അടിയന്തരമായി പഞ്ചായത്ത് സന്ദർശിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ആവശ്യങ്ങൾ

മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുക

ആശുപത്രിയിൽ ചികിത്സയിലുള്ളരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക

രോഗബാധിതരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുക

കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുക

കളമശേരിയിലും രോഗികൾ

കളമശേരി നഗരസഭയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം നിയന്ത്രണവിധേയമാണെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ പറഞ്ഞു. 26 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരിൽ 11 പേർ ആശുപത്രി വിട്ടു. നോർത്ത് കളമശേരി ഭാഗത്തുള്ളവരിലാണ് മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ ചില കടകളും പൂട്ടിച്ചിരുന്നു. വേനൽക്കാലത്ത് ആരംഭിച്ച വഴിയോര കടകളെയാണ് അധികൃതർക്ക് സംശയം. ഇവർ ഐസും വെള്ളവും എവിടുന്ന് എത്തിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. പൊതുജനങ്ങൾ ഇത്തരം കടകളിൽ നിന്ന് ജ്യൂസ് അടക്കമുള്ളവ വാങ്ങിക്കുടിക്കുന്നതിൽ ജാഗ്രത പാലിക്കണെമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

മെഗാഭവന സന്ദർശനം

വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗവ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, മാലിന്യ മുക്തം നവകേരളം ആർ.പിമാർ എന്നിവർ രോഗബാധയുള്ള അഞ്ചുവാർഡുകളിലെ വീടുകൾ സന്ദർശിച്ചു. മഞ്ഞപ്പിത്തം ബാധിച്ചവർ അശാസ്ത്രീയമായ ചികിത്സാരീതി പിന്തുടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള തുടർപ്രവർത്തനങ്ങൾ കൂടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവർക്കും രോഗബാധിത കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിക്കുന്ന കാര്യം പരിശോധിക്കും

വീണ ജോ‍ർജ്ജ്

ആരോഗ്യമന്ത്രി