കൊച്ചി: പനമ്പിള്ളിനഗറിൽ ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീ‌ഡിപ്പിച്ചതിന് കഴിഞ്ഞദിവസം തൃശൂർ സ്വദേശിയായ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണെന്നാണ് കണ്ടെത്തൽ. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് തുടർനടപടികൾക്കായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസി​ന് കൈമാറിയിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചും പോകാൻ ഇടമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താൻ ഗർഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നു. ഇതോടെ യുവാവ് പിന്മാറി. ഗർഭിണിയാണെന്നത് തിരിച്ചറിയാൻ വൈകിയെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ലെന്നുമാണ് യുവതിയുടെ കുറ്റസമ്മതമൊഴി.