കൊച്ചി: രാജ്യസഭയിൽ ഒഴിവ് വരുന്ന സീറ്റ് എൻ.സി.പി (എസ്)ന് നൽകണമെന്ന് യുവജനവിഭാഗം നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) സംസ്ഥാന ട്രഷറർ സനൽ മൂലൻകുടി ആവശ്യപ്പെട്ടു. എൻ.വൈ.സി ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് പല പാർട്ടികളും ഇടതുമുന്നണിയിൽ വന്നുപോയപ്പോഴും സി.പി.എമ്മിനും സി.പി.ഐയ്ക്കും ഒപ്പം ഉറച്ചുനിന്നത് എൻ.സി.പിയാണെന്നും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സീറ്റ് ഇല്ലാതിരുന്നതിനാൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എൻ.സി.പി.(എസ്)ന് അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് പ്രവീൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ട്രഷറർ കെ.ആർ. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. അനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രവീൺ കളരിക്കൽ, നിഖിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.