കൊച്ചി: ഗർഭിണികളിലെ പ്രമേഹത്തിന് നൂതനസാങ്കേതികവിദ്യകൾ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. കൊച്ചിയിൽ ആരംഭിച്ച ത്രിദിന ഡിടെക് ലോക പ്രമേഹ സാങ്കേതികവിദ്യാ സമ്മേളനത്തിൽ പ്രാരംഭപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യശാസ്ത്രരംഗത്തെ മുന്നേറ്റങ്ങൾമൂലം ഗർഭകാലവും പ്രസവവും സുരക്ഷിതമായെങ്കിലും ഗർഭസമയത്തു പിടിപെടുന്ന ടൈപ്പ് വൺ പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ഹ്രസ്വദീർഘകാല സങ്കീർണതകളുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഈ രംഗത്തെ നൂതനസാങ്കേതികവിദ്യയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസമായി ക്രൗൺപ്ലാസയിൽ നടക്കുന്ന സമ്മേളനം ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ഓളം ഡോക്ടർമാരും പ്രമേഹരോഗവിദഗ്ദ്ധരും പങ്കെടുക്കുന്നു.
ഡോ.റോബർട്ട് വിഗേർസ്‌കി (യു.എസ്.എ), ഡോ. വിരൽ ശാഹ് (യു.എസ്.എ), ഡോ.പ്രതീക് ചൗധരി (യു.കെ), ഡോ. ജൂലിയ മാഡർ (ഓസ്ട്രിയ), ഡോ. വാരെൻ ലീ (സിംഗപ്പൂർ) തുടങ്ങിയവർ ഇന്നും നാളെയുമായി സംസാരിക്കും.