opiion

രാജ്യസഭയിൽ ഒരു സീറ്റിനായുള്ള കസേരകളിക്ക് നാല് കരുത്തന്മാർ രംഗത്തെത്തിയതിന്റെ ഞെട്ടലിലാണ് വിപ്ലവമുന്നണി. സി.പി.ഐക്കും മതനിരപേക്ഷ പാർട്ടിയായ കേരള കോൺഗ്രസിനും (എം)​ പിന്നാലെ സോഷ്യലിസ്റ്റ് കക്ഷികളായ ആർ.ജെ.ഡിയും എൻ.സി.പിയും രംഗത്തെത്തിയതോടെ കളിക്കളം കുളമാകുമെന്നും കലങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് കോൺഗ്രസുകാർ. ജോസ് മോൻ തറവാടിയായ മോനാണെന്നും ഒരിക്കൽക്കൂടി എം.പിയായാൽ നാട് വളരെ നന്നാകുമെന്നും പ്രഖ്യാപിച്ച് ചില ഖദറുകാർ കസേരകളി ഉഷാറാക്കാൻ ശ്രമം തുടങ്ങി.
രാജ്യസഭയിലെ കാലാവധി കഴിയുന്നതോടെ ജോസ് മോൻ ആരുമല്ലാതാവുന്ന സാഹചര്യം കേരള കോൺഗ്രസുകാർക്ക് ചിന്തിക്കാൻ പോലുമാവില്ല. റോഷി അഗസ്റ്റിൻ മന്ത്രിയായി സ്റ്റേറ്റ് കാറിൽ കറങ്ങുമ്പോൾ മാണിസാറിന്റെ മോൻ സാധാ കാറിൽ പോകുന്നത് പാർട്ടി ചട്ടങ്ങൾക്കു വിരുദ്ധമാണ്. പാർട്ടിയിൽ
ഒന്നാമനാണെങ്കിലും മന്ത്രിക്കസേര കിട്ടാത്തതിൽ ജോസ്‌മോനു പണ്ടേ വിഷമമുണ്ടെന്നാണ് ചില ചങ്ങാതിമാർ നൽകുന്ന സൂചന. ഒരിക്കൽക്കൂടി രാജ്യസഭാ എം.പിയും 2026ൽ എം.എൽ.എയും, പറ്റിയാൽ കേരളത്തിന്റെ ധനമന്ത്രിയുമാകണമെന്ന ചെറിയൊരു മോഹമേ അദ്ദേഹത്തിനുള്ളു. അപ്പോൾ എം.പി സ്ഥാനം ഒഴിഞ്ഞ് സി.പി.ഐക്കാരനെയോ മറ്റാരെയെങ്കിലുമോ അവിടെ കുടിയിരുത്തുന്നതിൽ സന്തോഷമേയുള്ളൂ. പാവങ്ങൾക്ക് എന്തെങ്കിലുമൊക്കെ ദാനം ചെയ്യുന്നതാണ് കേരള കോൺഗ്രസുകാരുടെ പാരമ്പര്യം. പാക്കേജ് നല്ലതാണെങ്കിലും തത്ക്കാലം കൈയിലിരിക്കട്ടെയെന്നാണ് സി.പി.ഐക്കാരുടെ നിലപാട്. കേരളകോൺഗ്രസിനും സി.പി.ഐക്കും മൂന്നുവർഷംവീതം സീറ്റ് പകുത്തുകൊടുത്ത് തലയൂരാനാണ് വല്ല്യേട്ടൻ സി.പി.എമ്മിന്റെ മനസിലിരിപ്പെങ്കിലും അതും നടപ്പില്ലെന്ന സൂചന പന്ന്യനും കൂട്ടരും നൽകിക്കഴിഞ്ഞു.
കേരളത്തിൽ ലേശം വലിപ്പക്കുറവുണ്ടെങ്കിലും വടക്കോട്ട് പോകുംതോറും വലിപ്പം കൂടിവരുന്ന കക്ഷികളാണ് ആർ.ജെ.ഡിയും എൻ.സി.പിയും. ചില തട്ടുകേടുകൾ മൂലം പരിണാമം സംഭവിച്ച് ആർ.ജെ.ഡിക്കാരാകേണ്ടിവന്ന സോഷ്യലിസ്റ്റുകാരാണ് കേരളത്തിലുള്ളത്. പേരിലല്ല, പ്രവൃത്തിയിലും ചിന്തയിലുമാണ് കാര്യം. രണ്ടിലും കലർപ്പില്ലാത്ത സോഷ്യലിസമായതിനാൽ ഒരു എം.പി സ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യതയുണ്ട്. മന്ത്രിസഭയിലോ കൊള്ളാവുന്ന ഏതെങ്കിലും സ്ഥലത്തോ കസേരയില്ലാത്ത ഏക പാർട്ടിയെന്ന നിലയ്ക്ക് കുറച്ചു നാളത്തേക്കെങ്കിലും രാജ്യസഭയിലൊരു കസേര നൽകുന്നത് പരിഗണിക്കാവുന്നതാണ്. പവറുപോയെങ്കിലും പാരമ്പര്യത്തിൽ മുന്നിലുള്ള എൻ.സി.പിയും രാജ്യസഭയിലേക്ക് ഒരു കസേര ചോദിച്ചത് തെറ്റല്ല. കേരളത്തിൽ ഒരുപാട് കസേരകളുള്ളപ്പോൾ ഡൽഹിയിൽ പോയി സംഘികളുടെ പീഡനവും ചൂടും സഹിച്ച് എം.പിയായി കഴിയണോയെന്നാണ് വല്ല്യേട്ടൻ പാർട്ടിയുടെ ചോദ്യം. ഒരു സീറ്റിനായുള്ള കസേരകളി നാലുകൂട്ടരും അവസാനിപ്പിച്ച് അഞ്ചാമനെ കസേരയിലിരുത്തുന്നതാണ് ഏക പരിഹാരം. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് ചെറുകക്ഷികൾ ഇനിയെങ്കിലും മനസിലാക്കണം.

ജോസ്‌മോൻ

മടങ്ങിവരണം
സി.പി.എമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകാതെ ജോസ്‌മോന് എത്രയും പെട്ടെന്ന് യു.ഡി.എഫിന്റെ എ.സി മുറിയിൽ എത്തിക്കൂടേയെന്ന് പാർട്ടിയുടെ മുഖപത്രത്തിലൂടെ ഖദറുകാർ ചോദിച്ചത് സഖാക്കൾക്ക് ലേശം ക്ഷീണമായി. എന്നെ നിർബന്ധിക്കരുതെന്ന് ഗദ്ഗദത്തോടെ ജോസ്‌മോൻ മറുപടി നൽകിയെങ്കിലും പിഞ്ചുമനസായതിനാൽ എന്തെങ്കിലും മാറ്റം വന്നുകൂടെന്നില്ല. കസേരയില്ലാതെ ദീർഘസമയം നിൽക്കേണ്ടിവരുന്നത് വലിയ കഷ്ടാണ്. ജോസ്‌മോനെ ക്ഷണിച്ചത് യു.ഡി.എഫിലെ ജോസഫ് വിഭാഗത്തിന് തീരെ സുഖിച്ചിട്ടില്ല. രണ്ടു കൊല്ലം കൂടി കാത്തിരുന്നശേഷം കേരളത്തിൽ യു.ഡി.എഫ് മന്ത്രിസഭയുണ്ടാക്കുമ്പോൾ കൊള്ളാവുന്ന കസേരകളിൽ കയറിപ്പറ്റാനാണ് ജോസ്‌മോന്റെ നീക്കമെന്ന് മറുപക്ഷം ആരോപിക്കുന്നു. രണ്ടുകൂട്ടരും വീണ്ടും ലയിച്ച് മതനിരപേക്ഷ കേരളത്തിന് കരുത്തുപകരണമെന്നാണ് റബർ കർഷകരുടെ ആഗ്രഹം. ജോസ് മോൻ അങ്ങോട്ടുചാടിയിൽ ജോസഫ് വിഭാഗം ഇങ്ങോട്ടുചാടുമെന്ന് സഖാക്കളിൽ ചിലർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തീരെ സാദ്ധ്യതയില്ലെന്ന് കോൺഗ്രസുകാർ ഉറപ്പിക്കുന്നു; വീണ്ടുമൊരു അഞ്ചുകൊല്ലം കൂടി പ്രതിപക്ഷത്തിരിക്കാൻ ആരും താത്പര്യപ്പെടില്ല.
ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചാടുന്നവർ വൈകാതെ റൂട്ട് മാറ്റി ചാടുമെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ജോസ്‌മോനും മോൻസുമൊക്കെ കേന്ദ്രമന്ത്രിമാരായി ഡൽഹിയിൽ നിറഞ്ഞുനിൽക്കണമെന്നാണ് അവരുടെ ആഗ്രഹം. കേരള കോൺഗ്രസിലെ ആസ്ഥാന ഫയൽവാനായിരുന്ന പി.സി. ജോർജ് ഇന്ന് പരിവാർ കുടുംബത്തിലെ കൊച്ചുകാരണവരാണ്. മേശ നിറയെ വിഭവങ്ങളുള്ളതിനാൽ ആദ്യം വരുന്നവർക്കാണ് മെച്ചമെന്നു തിരിച്ചറിയണമെന്ന് പരിവാറുകാർ വ്യംഗ്യമായി ഓർമ്മിപ്പിക്കുന്നു.

റായ്ബറേലിയിൽ

വയനാടൻ മല്ലന്മാർ

മണ്ഡലം മാറി റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽജിക്കായി വോട്ട് മറിക്കാൻ വയനാട്ടിലെ കരുത്തന്മാരായ കോൺഗ്രസുകാർ എത്തിയത് വലിയ മാറ്റമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. വിജയിക്കാനുള്ള വയനാടൻ ഒറ്റമൂലിയുമാണ് റായ്ബറേലിയിൽ എത്തിയത്. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ടി. സിദ്ദിഖ് എന്നിവർ മണ്ഡലത്തെ ഇളക്കിമറിച്ചാണ് ശുദ്ധമായ ഹിന്ദിയിൽ പ്രസംഗിച്ചത്. വയനാട്ടിലെ വികസനത്തെക്കുറിച്ച് വോട്ടർമാരോട് വിവരിച്ചപ്പോൾ അവർ അദ്ഭുതപ്പെട്ടുപോയി. കോൺഗ്രസിന്റെ തിരിച്ചുവരവിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ബോദ്ധ്യമായെന്ന് എം.എൽ.എമാർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
രാഹുൽജിയെ മാതാശ്രീ സോണിയാജി റായ്ബറേലിക്കാരെ ഏൽപ്പിച്ച ചടങ്ങിന് അണിയറയിലിരുന്ന് കാർമ്മികത്വം വഹിച്ചത് കേരള സംഘമാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാഹുൽജിയെ ചുരുങ്ങിയത് അഞ്ചുലക്ഷം വോട്ടർമാരുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്ജി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ കേരള സംഘത്തിന്റെ സന്ദർശനത്തിന് ഫലമുണ്ടായി.