padam

കൊച്ചി: പോക്കറ്റ് ഷവർമ, സീക്ക് കെബാബ്, മില്ലറ്റ് ഉപ്പുമാവ് ... ഫുഡ്‌ ഫെസ്റ്റിൽ കൊതിയൂറും വിഭവങ്ങളുടെ നിര നീളുകയാണ്. രുചിയേറും വിഭവങ്ങളേക്കാൾ താരങ്ങൾ ഇവയുടെ പാചകക്കാരാണ്. കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി വെക്കേഷൻ സമ്മർ ക്യാമ്പിനെത്തിയ സ്കൂൾ വിദ്യാർത്ഥികളായിരുന്നു ഷെഫുമാർ! അവരവരുടെ വീടുകളിൽനിന്ന് വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. ഇരുന്നൂറ്റമ്പതോളംപേർ പങ്കെടുത്ത ഫുഡ്‌ഫെസ്റ്റ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നവ്യാനുഭവമായി.

ഒരുമാസം നീണ്ടുനിൽക്കുന്ന വെക്കേഷൻ പരിപാടിയിൽ കഴിഞ്ഞ ദിവസമാണ് ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ 10മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നീണ്ട ഫെസ്റ്റ് കുട്ടികളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുമ്പുതന്നെ മെനു തയ്യാറാക്കുകയും മറ്റു കുട്ടികളിൽ നിന്നും രക്ഷാകർത്താക്കളിൽനിന്നും ഓർഡർ സ്വീകരിക്കുകയും ചെയ്തിരുന്നു. കുസാറ്റിലെ വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ഭാഗമായി.

പാചകം, മാർക്കറ്റിംഗിലുള്ള വൈദഗ്ദ്ധ്യം, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിങ്ങനെ കുട്ടികളിൽ പലവിധമായ കഴിവുകൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് കോഓർഡിനേറ്റർ ഡോ. അബേഷ് രഘുവരൻ പറഞ്ഞു. വ്യത്യസ്തമായ വിഭവങ്ങൾ, സ്റ്റാൾ മാനേജ്‌മെന്റ്, കസ്റ്റമറുടെ സംതൃപ്തി എന്നിവ അടിസ്ഥാനമാക്കി മികച്ച സ്റ്റാളുകൾക്ക് സമ്മാനങ്ങളും നൽകി.