• മുൻ സബ് കളക്ടറും വിശദീകരണം നൽകണം

കൊച്ചി: ഫോർട്ടുകൊച്ചി മുൻ സബ്‌കളക്ടർ പി. വിഷ്ണുരാജിനെതിരായ കോടതി അലക്ഷ്യക്കേസുകളുടെ പട്ടിക വിവരാവകാശ നിയമപ്രകാരം നൽകാതിരുന്ന സീനിയർ സൂപ്രണ്ട് വി.വി. ജയേഷിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ തീരുമാനിച്ചു. ജൂൺ 18നകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ ശിക്ഷാ ഉത്തരവുണ്ടാകും. വിവരാവകാശ നിയമപ്രകാരം 25000രൂപവരെ പിഴയും സർവീസ് ബുക്കിൽ രേഖപ്പെടുത്തലും ശിക്ഷനൽകാം.

അപേക്ഷകന്റെ അപ്പീൽ തീർപ്പാക്കാതെയും മറുപടി നൽകാതെയുമിരുന്ന അപ്പീൽ അധികാരിയായ സബ് കളക്ടറുടെ നിലപാട് മനപ്പൂർവമുള്ള നിയമനിഷേധമായും കമ്മിഷൻ വിലയിരുത്തി. 15 ദിവസത്തിനകം മുൻസബ് കളക്ടറും വിശദീകരണം സമർപ്പിക്കണം.

പള്ളുരുത്തി ആശീർവാദ് ഹൗസിൽ പി.എസ്. ബാബുസുരേഷ് നൽകിയ അപ്പീലിലാണ് തീരുമാനം. വിഷ്ണുരാജിനെതിരെ കേരള ഹൈക്കോടതി സ്വീകരിച്ച കോടതിഅലക്ഷ്യ നടപടികളുടെ വിവരങ്ങളാണ് 2023 സെപ്തംബറിൽ ബാബു ആവശ്യപ്പെട്ടത്. ഈ വിവരം ക്രോഡീകരിച്ച് വച്ചിട്ടില്ലെന്ന പേരിൽ ജയേഷ് അപേക്ഷ നിരസിച്ചു. അപ്പീൽ നൽകിയെങ്കിലും അപ്പീൽ അധികാരിയായ സബ് കളക്ടർ അത് കേട്ടില്ല, ഉത്തരവും ഇറക്കിയില്ല. പകരം ഈ അപ്പീലിന് ആദ്യം നൽകിയ മറുപടി സീനിയർ സൂപ്രണ്ടുതന്നെ പരാതിക്കാരന് നൽകി. ഈ വീഴ്ചകൾ മനപ്പൂർവമാണെന്നും നിയമനിഷേധമാണെന്നും ഉത്തരവിൽ മുഖ്യ വിവരാവകാശ കമ്മിഷണർ വി. ഹരിനായർ വ്യക്തമാക്കി.

• സീനിയർ സൂപ്രണ്ടിന്റെ വാദംതള്ളി

ഫോർട്ടുകൊച്ചി ആർ.ഡി ഓഫീസിൽ നിരവധി കോടതിയലക്ഷ്യക്കേസുകളുണ്ടെന്നും ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചെടുക്കുക ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമായിരുന്നു കമ്മിഷൻ സിറ്റിംഗിൽ ജയേഷിന്റെ വാദം. ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിച്ച് നേരിലെത്തി വിവരങ്ങൾ ശേഖരിക്കാമെന്നും അറിയിച്ചു. ഈ വാദങ്ങൾ കമ്മിഷൻ അംഗീകരിച്ചില്ല.

• കോടതിലക്ഷ്യക്കേസുകൾ നൂറുകണക്കിന്

2021, 22, 23 വർഷങ്ങളിൽ 300ഓളം കോടതിലക്ഷ്യ നടപടികളാണ് മുൻ സബ് കളക്ടർ വിഷ്ണുരാജ് നേരിട്ടത്. ഇതിലേറെയും ഭൂമി തരംമാറ്റൽ കേസുകളിലാണ്. കേസുവരുമ്പോൾ വിധിനടപ്പാക്കി നടപടികളിൽനിന്ന് ഒഴിവാകുകയായിരുന്നു. ഏറ്റവുമേറെ കോടതി അലക്ഷ്യക്കേസുകൾ നേരിട്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഒരാളാകും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് അഡിഷണൽ ഡയറക്ടറായ പി. വിഷ്ണുരാജ്.