കാലടി: ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്തർദ്ദേശീയ നൃത്ത സംഗീതോത്സവം ഇന്നുമുതൽ 24വരെ കാലടി നാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ.പി.വി. പീതാംബരൻ അറിയിച്ചു. സീനിയർ ഗുരു ജയറാമറാവു (ന്യൂഡൽഹി) ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കെ.ടി. സലിം, റോജി എം. ജോൺ എന്നിവർ മുഖ്യാതിഥികളാകും. ആഗമാനന്ദ അവാർഡ് ഡോ. എൻ.ബി. കൃഷ്ണപ്രിയക്ക് കാനത്തിൽ ജമീല എം.എൽ.എ സമ്മാനിക്കും. കൾച്ചറൽ അംബാസിഡർ നിരഞ്ജന മേനോന്റെ ഭരതനാട്യവും സീനിയർ അദ്ധ്യാപിക വൈഷ്ണവി വി. സുകുമാരന്റെ കുച്ചിപ്പുടിയും നടക്കും.
22ന് വൈകിട്ട് 5ന് അസാമിന്റെ തനതുനൃത്തം 'സത്രിയ" ഗോഹട്ടിയിൽ നിന്നുള്ള ഡോ. അന്വേഷ മഹന്ത അവതരിപ്പിക്കും. ചെന്നൈയിൽനിന്നുള്ള ഡോ. എസ്. ദിവ്യസേനയും സംഘവും ഭരതനാട്യം അവതരിപ്പിക്കും. 23ന് ബംഗളൂരുവിൽനിന്നുള്ള നൃത്തദമ്പതികളായ യോഗേഷ്‌കുമാറും സ്നേഹ നാരായണനും ഭരതനാട്യം അവതരിപ്പിക്കും. തുടർന്ന് ഡോ. ഐശ്വര്യ രാജയുടെ ഭരതനാട്യം, നാലിന് സംഗീതോത്സവം. തുടർന്ന് വിഥുൻകുമാറിന്റെ ഭരതനാട്യം, ആർ.എൽ.വി കോളേജ് അദ്ധ്യാപകൻ ബി. കെ. ഷഫീക്കുദിന്റേയും ഷബാന ഷഫീക്കുദിന്റേയും ഭരതനാട്യം. തുടർന്ന് ശ്രീശങ്കരാചാര്യ ബിസ് അവാർഡ് ദാനം. വൈകിട്ട് ഏഴിന് സുധാ പീതാംബരന്റെ മോഹിനിയാട്ടം. നൃത്തപ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ സുധാ പീതാംബരനെ പി.ടി.എ അനുമോദിക്കും. 24ന് സമാപനം. ഗ്രൂപ്പിനങ്ങളോടെ ഫെസ്റ്റിവൽ നൃത്തഇനങ്ങൾ നടക്കുമെന്ന് പ്രൊഫ. പി.വി. പീതാംബരൻ അറിയിച്ചു.