
ചോറ്റാനിക്കര: ചോറ്റാനിക്കരയുടെ നെല്ലറയായ പള്ളിപ്പുറം പുഞ്ച കൃഷി ചെയ്യാതെ തരിശിട്ടിട്ട് വർഷങ്ങളാകുന്നു. 20 വർഷങ്ങൾക്കു മുമ്പ് ഒരേക്കറിൽ നിന്ന് 1200 കിലോ നെല്ല് ലഭിച്ചിരുന്ന പള്ളിപ്പുറം പുഞ്ച ഇന്ന് കൃഷി ചെയ്യാതായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു.
ഇതര ജില്ലകളിൽ നിന്ന് എത്തുന്നവർ വാങ്ങിക്കൂട്ടുന്ന നെൽപ്പാടങ്ങൾ കൃഷി ഇറക്കാതെ തരിശിടുന്നത് നെൽകർഷകർക്ക് തിരിച്ചടിയാകുന്നു. 100 ഹെക്ടറിലേറെ പാടങ്ങളാണ് തരിശായത്. വയലുകൾ വരമ്പുകൾ നികന്ന് കുറ്റിക്കാടായി. നെൽപ്പാടം ക്ഷുദ്രജീവികളുടെ താവളമായി. പെരുച്ചാഴി, മരപ്പട്ടി തുടങ്ങിയ ജീവികളുടെ പകൽ താവളവും ഇത്തരം വയലുകളാണ്. സന്ധ്യ മയങ്ങുമ്പോൾ ഇവറ്റകൾ കൂട്ടത്തോടെ പരിസരങ്ങളിലെ വീടുകളിലെ കൃഷി നശിപ്പിക്കുന്നത് പതിവാണ്. തരിശിട്ടിരിക്കുന്ന പാടങ്ങൾ ജല സംഭരണത്തിന് പോലും ഉപയോഗപ്രദമാകുന്നില്ല.തരിശ് പാടങ്ങൾ ഉടമകളിൽ നിന്ന് പിടിച്ചെടുത്ത് കൃഷി ഭൂമിയാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷകർ പറയുന്നു. ഭൂമാഫിയകൾ കൈവശം വച്ചിട്ടുള്ള നെൽപ്പാടങ്ങൾ വിലയ്ക്ക് വാങ്ങി കൃഷി ചെയ്യാൻ തയാറാകുന്ന കർമ സമിതികൾക്കും കുടുംബശ്രീകൾ അടക്കമുള്ള സ്വാശ്രയ സംഘങ്ങൾക്കും കൈമാറണമെന്ന നിർദേശവും ഉയരുന്നുണ്ട്.
പള്ളിപ്പുറം പുഞ്ചയിലെ ഭൂരിഭാഗം സ്ഥലങ്ങളും കൊച്ചിൻ ഷിപ്പ് യാർഡിലെ സൊസൈറ്റി വാങ്ങി ഇട്ടിരിക്കുകയാണ്. കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കൃഷി ചെയ്താൽ ഭൂമി നികത്താൻ ഉള്ള സാധ്യത ഇല്ലാതാവും. പള്ളിപ്പുറം പുഞ്ചയിൽ കൃഷിയിറക്കാനുള്ള സാധ്യതകൾ പരിശോധിക്കും
എം. ആർ രാജേഷ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്