വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ വർദ്ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം അതിരൂപതാ സമിതി പ്രതിഷേധ സമരം നടത്തി. ലൈഫ് ജാക്കറ്റ് ധരിച്ച പ്രവർത്തകർ കടലിലിറങ്ങിയാണ് പ്രതിഷേധ സമരം നടത്തിയത്. ലൈഫ് ഗാർഡുകളെ നിയോഗിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൻ.സി. ജോർജ് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ആഷ്‌ലിൻ പോൾ അദ്ധ്യക്ഷനായി. ഫാ. റാഫേൽ ഷിനോജ്, റോയി ഡിക്കൂഞ്ഞ, ബേസിൽ മുക്കത്ത് എന്നിവർ സംസാരിച്ചു. പുതുവൈപ്പ് ബീച്ചിൽ ഈയാഴ്ച കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചിരുന്നു.