accident

ആലുവ: നൊച്ചിമ ഗവ. ഹൈസ്‌കൂളിനു സമീപം ഡ്രൈവറില്ലാതെ നിരങ്ങിനീങ്ങിയ കണ്ടെയ്‌നർ ലോറി വീടിന്റെ മതിലും ഗേറ്റും തകർത്തു. ഇന്നലെ പുലർച്ചെ 12.30ഓടെ കോമ്പാറയിലെ റേഷൻകട ഉടമ വെള്ളാഞ്ഞി വി.എം. അലിക്കുഞ്ഞ് അട്ടക്കാട്ടിന്റെ വീടിന്റെ മതിലാണ് തകർത്തത്. അൽ അമീൻ കോളേജിനു സമീപത്തെ സ്റ്റാർക്ക് സ്റ്റീൽ ഡോർ കമ്പനിയുടെ ഗോഡൗണിലേക്ക് സ്റ്റീൽ കട്ടിളയും ജനലുമായി വന്ന ലോറി ഗോഡൗൺ മാറി നൊച്ചിമ സ്‌കൂളിനു സമീപത്തെ മറ്റൊരു ഗോഡൗണിന് മുന്നിലാണ് നിർത്തിയത്. ഇറക്കവും വളവുമുള്ള റോഡിൽ നിറുത്തിയതിനെ തുടർന്നാണ് അപകടം. ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ ലോറി തനിയെ മുന്നിലേക്ക് ഉരുണ്ടു നീങ്ങുകയായിരുന്നു. മതിലിൽ ലോറിയുടെ മുൻചക്രം കുടുങ്ങിയതിനാൽ വീടിന് തകരാറ് പറ്റിയില്ല. സ്വകാര്യ ചാനലുകളുടെ കേബിളുകളും ലോറിയിൽ കുടുങ്ങി പൊട്ടിവീണു. അപകടത്തിൽപെട്ട കണ്ടയ്‌നർ ലോറി ക്രെയിൻ ഉപയോഗിച്ച് വലിച്ചു മാറ്റി.