ജൂൺ ആറിന് വീണ്ടും യോഗം
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, വാട്ടർ അതോറിറ്റി മദ്ധ്യ മേഖല ചീഫ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ റസ്റ്റ് ഹൗസിൽ ചർച്ചയിൽ രണ്ടിടത്തേക്കും രണ്ട് ദിവസം വീതം പമ്പിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ തീരുമാനം.
ദിവസേന 34 ലക്ഷം ലിറ്റർ കുടിവെള്ളം പഞ്ചായത്തിന് ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി പ്രസിഡന്റ് സജിത മുരളി പറഞ്ഞു. പമ്പിംഗ് ദിവസം ഏതെങ്കിലും കാരണവശാൽ വൈദ്യുതി തകരാറുമൂലം ജലവിതരണം തടസപ്പെട്ടാൽ നഷ്ടം അതതു പഞ്ചായത്തുകൾ സഹിക്കണം. പരിഷ്കാരം ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനായി ജൂൺ 6 ന് വീണ്ടും റിവ്യൂ യോഗം ചേരുന്നതിന് തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബ്രഹ്മണ്യൻ, ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം ടാങ്കിൽ നിന്നാണ് രണ്ട് പഞ്ചായത്തിലേക്കും വെള്ളം പമ്പു ചെയ്യുന്നത്. ആമ്പല്ലൂർ പഞ്ചായത്ത് വെള്ളം ഊറ്റുന്നുണ്ടെന്നും അവർക്കുള്ള പൈപ്പിലും ഫ്ളോ മീറ്റർ ഘടിപ്പിക്കണമെന്നും തങ്ങളുടെ പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉദയംപേരൂരിലെ പഞ്ചായത്തംഗങ്ങൾ മേയ് ആറ് മുതൽ എറണാകുളത്തെ മദ്ധ്യമേഖലാ ചീഫ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആമ്പല്ലൂർ പൈപ്പിൽ ഫ്ളോ മീറ്റർ ഘടിപ്പിക്കാനുള്ള ജല അതോറിറ്റിയുടെ ശ്രമം തടഞ്ഞതിനെ തുടർന്നുള്ള ചർച്ചയിലാണ് ഇന്നലെ യോഗം ചേരാൻ നിശ്ചയിച്ചത്.
പ്രതിപക്ഷ സമരം പഞ്ചായത്തിന് മുന്നിലേക്ക്
ഇന്നലെ നടന്ന ചർച്ചയിലും തീരുമാനത്തിലും ഉദയംപേരൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ വഞ്ചിച്ചതായി പ്രതിപക്ഷമായ യു.ഡി.എഫ്. ആരോപിച്ചു. രണ്ട് ദിവസത്തെ പമ്പിംഗ് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ചർച്ച അമ്പേ പരാജയമാണ്. തങ്ങളുടെ സമരത്തെ തുടർന്ന് വിളിച്ച ചർച്ചയിൽ പ്രതിപക്ഷാംഗങ്ങളെയോ തൃപ്പൂണിത്തുറ എം.എൽ.എയോ വിളിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിട്ടി ഓഫീസിന് മുന്നിൽ നടത്തി വന്ന സമരം പഞ്ചായത്തിന് മുന്നിലേക്ക് മാറ്റും. തിങ്കൾ രാവിലെ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ ആരംഭിക്കും
എം. പി. ഷൈമോൻ
യു. ഡി. എഫ്.