പറവൂർ: ആത്മീയതയും ഭൗതികതയും സംയോജിപ്പിച്ച് സാധാരണ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനാണ് എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പറവൂർ യൂണിയന്റെ ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാർത്ഥന നടത്തുന്നതിനുള്ള സംഘടനയല്ല എസ്.എൻ.ഡി.പി യോഗം; അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നടത്തിയ ചരിത്രമുള്ള പ്രസ്ഥാനമാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളും മതത്തിനും ജാതിക്കും പിന്നാലെയാണ്. സംഘടിതർ ആരാണോ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എല്ലാവരും മുന്നിൽ നിൽക്കുന്നത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് മതവും ജാതിയും നോക്കിയാണ്. ജനാധിപത്യവും മതേതരത്വവും പറയുന്ന നമ്മുടെ ന്യായമായ അവകാശങ്ങൾ തരാൻപോലും ഭരണാധികാരികൾ ശ്രമിക്കുന്നില്ല.

ജാതിമത ചിന്തകൾ വർദ്ധിക്കുമ്പോഴാണ് കലാപങ്ങൾ ഉണ്ടാകുന്നത്. മലബാർ ലഹള ഉണ്ടായതും ഇത്തരം സാഹചര്യത്തിലാണ്. അവിടെ നടന്ന കൊലയും കൊള്ളിവയ്പ്പും മാനഭംഗങ്ങളും ഇനിയുണ്ടാകാതിരിക്കാനാണ് ഗുരുദേവൻ ആലുവയിൽ സർവമതസമ്മേളനം നടത്തിയത്. ഇവിടെ വച്ചാണ് 'പലമതസാരവുമേകം" എന്ന് ഗുരുദേവൻ പ്രഖ്യാപിച്ചത്.

എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നത് കൂട്ടത്തിലുള്ളവർ തന്നെയാണ്. അപ്രായോഗികമായ ന്യായങ്ങളും വാദങ്ങളുമായാണ് അവർ കോടതിയെ സമീപിക്കുന്നത്. 36 ലക്ഷം അംഗങ്ങളുള്ള യോഗത്തിന് എല്ലാവരെയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല. കേസുകൾ നിലനിൽക്കുന്നതിനാൽ യോഗം, യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കുന്നില്ല. ഇത് സംഘടനക്ക് തള‌ർച്ചയുണ്ടാക്കുന്നുണ്ട്. കേസുമായി പോകുന്നവരുടെ ലക്ഷ്യം എസ്.എൻ.ഡി.പി യോഗത്തെ തകർക്കലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.